'ഞാന്‍ മരിച്ചാല്‍ അവള്‍ തനിച്ചാകും'; ഫര്‍സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നെറ്റിയില്‍ ചുറ്റികകൊണ്ട് അടിച്ച പാടുകള്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴിയെടുക്കുന്നു. താന്‍ മരിച്ചാല്‍ അവള്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ മൊഴി നല്‍കി. അതേസമയം അതിക്രൂരമായാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായി.
നെറ്റിയില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചതിന്റെ പാടുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷമായിരിക്കും കൂടുതല്‍ വ്യക്തത വരിക.
പഠിക്കാന്‍ മിടുക്കിയായ ഫര്‍സാനയെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂര്‍ ഗ്രാമം. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ എംഎസ് സി വിദ്യാര്‍ഥിനിയാണ് 22 കാരിയായ ഫര്‍സാന. സ്‌കൂള്‍ തലം മുതലാണ് അഫാന് ഫര്‍സാനയുമായുള്ള പരിചയമെന്നാണ് വിവരം. സമീപത്ത് ഒരു സ്ഥലത്ത് ട്യൂഷന്‍ എടുക്കാന്‍ പോകുന്നുണ്ട് ഫര്‍സാന. ഇവരുടെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധത്തില്‍ കുടുംബങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
സമീപത്തെ വീട്ടില്‍ ട്യൂഷന്‍ എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫര്‍സാന വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിട്ടാണ് അഫാന്‍ ഫര്‍സാനയെ കൊന്നത്. ഫര്‍സാനയുടെ അച്ഛന്‍ സുനില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ഏറ്റെടുത്ത് ചെയ്യുകയാണ്. മരണം അറിഞ്ഞത് മുതല്‍ അച്ഛനും അമ്മനും തളര്‍ന്ന നിലയിലാണ്.
കൂട്ടക്കൊലപാതകത്തിന്റെ കാരണം ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ സംഭവം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ആക്രമിച്ചു. കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. പിന്നീട് മരിച്ചെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ട് അവിടെ നിന്ന് മുത്തശ്ശിയുടെ അടുത്തേക്കാണ് പോയത്. 1.15ന് മുത്തശ്ശി സല്‍മ ബീവിയെ ആക്രമിച്ചു. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.
ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു. പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ചായിരുന്നു ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.
അഫാന്‍ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പ്രതി സഹോദരനെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."