'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു
'തിങ്കളാഴ്ച അർധരാത്രിയായിരുന്നു അത്. മേൽക്കൂരകൽ കീറിത്തുടങ്ങിയ, വെറും നേരിയ പ്ലാസ്റ്റിക് ചീളുകൽ കൊണ്ട് മറച്ചു കെട്ടിയ, മഴയും മഞ്ഞും വെയിലും യാതൊരു മറയുമില്ലാതെ എത്തിനോക്കിക്കൊണ്ടിരിക്കുന്ന തീർത്തും ദുർബലമായ ആ കൂടാരത്തിനുള്ളിൽ നിന്ന് അവളുടെ ആർത്തലക്കുന്ന കരച്ചിൽ കേട്ടത്. എന്റെ സഹോദര ഭാര്യയുടെ. അവളുടെ ഹൃദയത്തെ ആരോ പറിച്ചെടുക്കുംപോലെയുണ്ടായിരുന്നു അത്. അവളുടെ മകൾ മരിച്ചിരിക്കുന്നു. ആ കൂടാരത്തിലേക്ക്ആ ഓടിയടുത്ത എന്നോട് അവളുടെ സഹോദരൻ പറഞ്ഞു. കൂടാരത്തിനുള്ളിൽ തിങ്ങിനിറഞ്ഞ കൊടും തണുപ്പിൽ അവളുടെ കുഞ്ഞ് പൈതൽ മരിച്ചു പോയിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞു ശാം. കുഞ്ഞുകൈകാലുകളിളക്കി കളിച്ച് മോണകാട്ടി ചിരിച്ച് ഞങ്ങളുടെഹൃദയം കവർന്ന ഞങ്ങളുടെ രാജകുമാരി. രണ്ട് മാസം മാത്രം പ്രായമായ അവളുടെ കുഞ്ഞുടലിന് താങ്ങാവുന്നതിലപ്പുറമാ? ആ തണുപ്പിൽ അവളൊരു ഐസ് കഷ്ണമായിരിക്കുന്നു. അവളുടെ ഹൃദയതാളം നിലച്ചിരിക്കുന്നു.'- വിങ്ങുന്ന ഹൃദയത്തോടെ ഉബൈദ അൽ ഷൻബാരി പറയുന്നു.
ഗസ്സയിലെ എല്ലുകളെ തുളച്ചു കയറുന്ന കൊടുതണുപ്പിനെ അതിജീവിക്കാനാവാതെ അവിടെ വീണ്ടും പൈതലുകൾ മരിച്ചു വീണുകൊണ്ടിരിക്കുകയാണ്. 'കഴിഞ്ഞ ദിവസങ്ങളിലായ മരിച്ചു വീണവരിൽ ആറാമത്തെ കുഞ്ഞായിരുന്നു ഞങ്ങളുടെ ശാം. ഒരു ആംബുലൻസിൽ ഉടൻ തന്നെ അവളെ തെക്കൻ ഗസ്സയിലെ നാസർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ 54 ദിവസം മാത്രം ജീവിച്ചിരുന്ന ശാം അവിടെ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അവളൊരു ആരോഗ്യമുള്ള കുഞ്ഞായിരുന്നു. ഇങ്ങനെ ഒരുന്തരീക്ഷത്തിലേക്കല്ല അവൾ ജനിച്ചു വീണതെങ്കിൽ'.... മുഴുമിപ്പിക്കാൻ കഴിയാതെ ഷൻബാരി പറഞ്ഞു നിർത്തുന്നു.
അതിശൈത്യത്തിൽ ആറു കുട്ടികളാണ് ഇപ്പോൾ ഗസ്സയിൽ മരവിച്ചു മരിച്ചു. വീണത്. പുതപ്പോ മറ്റോ ഇല്ലാത്തതാണ് ഗസ്സയിൽ ശൈത്യക്കാറ്റിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴാൻ കാരണമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഗസ്സയിൽ സ്ഥാപിച്ച മൊബൈൽ ടെന്റുകളിലേക്ക് ഇസ്‌റാഈൽ ആർക്കും പ്രവേശനം അനുവദിക്കുന്നില്ല. പതിനായിരക്കണക്കിന് ഗസ്സക്കാർ തകർന്ന തങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. ഇവിടെ തണുപ്പകറ്റാൻ സംവിധാനങ്ങളില്ല. രാത്രി കടുത്ത ശൈത്യക്കാറ്റാണ്. ഇവയെ പ്രതിരോധിക്കാൻ പുതപ്പുകളോഎന്തിനേറെ ഒരു മേൽക്കൂരയോ ചുവരുകൾ പോലുമോ ഇല്ല.
തണുത്ത കാലാവസ്ഥയെ തുടർന്ന് കുട്ടികൾ രാത്രി മുഴുവൻ ചുമയ്ക്കുകയും ഛർദിക്കുകയുമാണ്. ടെന്റിലെ ജീവിതം ഏറെ ദുഷ്‌കരമാണെന്ന് ഇസ്‌റാഈൽ സൈന്യം വീട് തകർത്തതിനെ തുടർന്ന് ടെന്റിൽ കഴിയേണ്ടിവന്ന ഷുജായിയ സ്വദേശി ഇബ്രാഹീം അൽ ഖലീൽ പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇവിടെയുള്ളവരെല്ലാം മഴ തീരുംവരെ നനഞ്ഞു കുതിർന്നു. ടെന്റിന് അകവും പുറവും ചെളിയാണ്. കുട്ടികൾക്ക് ഒരു പുതപ്പ് വാങ്ങിക്കൊടുക്കാൻ പോലും കഴിയുന്നില്ലെന്ന് മറ്റൊരു താമസക്കാരൻ ഗസ്സൻ അൽസോസി പറയുന്നു. കുട്ടികൾക്കെങ്കിലും മരുന്നും പുതപ്പും ലഭിക്കണമെന്ന് ഗസ്സന്റെ ഭാര്യ മനാൽ അൽസോസി പറയുന്നു. രാത്രിയും പകലും തങ്ങൾ കഷ്ടപ്പെടുകയാണെന്നും ടെന്റിന് തണുപ്പിനെയും മഴ വെള്ളത്തെയും പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു.
രാത്രിയിൽ താപനില അതിഭീകരമായി താഴുന്നതിനാൽ, താൽക്കാലിക അഭയം അടിയന്തരമായി ഒരുക്കണമെന്ന് ആരോഗ്യ പ്രവർത്തകർ ഈജിപ്ത്, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെയുള്ള മധ്യസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ഗസ്സയിൽ നവജാത ശിശുക്കൾ ഹൈപ്പോഥെർമിയ മൂലം മരിക്കരുത്. ഇത് പ്രകൃതിയുടെ ദുരന്തമല്ല, മറിച്ച് മനുഷ്യനിർമിത പ്രതിസന്ധിയാണ്'.- ഫലസ്തീനികൾക്കായി പ്രവർത്തിക്കുന്ന ലണ്ടൻ ആസ്ഥാനമാക്കിയുള്ള ചാരിറ്റി മെഡിക്കൽ എയ്ഡിന്റെ ഗസ്സ ഡയരക്ടർ ഫ്ക്ർ ഷാലൂത് പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വടക്കൻ ഗസ്സയിലെ പേഷ്യന്റ്സ് ഫ്രണ്ട്സ് ബെനവലന്റ് സൊസൈറ്റി ആശുപത്രിയിൽ കഠിനമായ ഹൈപ്പോഥെർമിയയുടെയും അതിശൈത്യത്തിന്റെയും ലക്ഷണങ്ങളുള്ള ഒമ്പത് കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ടെന്ന് ഡയറക്ടർ സയീദ് സലാഹ് പറഞ്ഞു. രണ്ട് മാസം പ്രായമുള്ള ശാം ഉൾപ്പെടെ മറ്റ് നാല് പേർ തെക്കൻ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ എത്തിയതായി അവിടത്തെ ഒരു ഡോക്ടറും പറഞ്ഞു.
15 മാസത്തെ യുദ്ധത്തിനും പ്രദേശത്തിന്റെ ഏതാണ്ട് പൂർണ്ണമായ ഉപരോധത്തിനും ശേഷം ജനുവരി 19 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ആവശ്യങ്ങൾ ഇപ്പോഴും വളരെ വലുതാണെന്ന് സഹായ ഏജൻസികൾ പറയുന്നു. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, ലോക ബാങ്ക് എന്നിവ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഒരു വിലയിരുത്തൽ പ്രകാരം ഗസ്സ പുനർനിർമ്മിക്കാൻ 50 ബില്യൺ ഡോളറിലധികം ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."