മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക,ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കരുത്, ഏക സിവിൽ കോഡ് ബഹുസ്വരതയെ തകർക്കും തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലികാവകാശ ബഹുജന റാലി നാളെ വൈകിട്ട് 5 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളെ അട്ടിമറിച്ച് രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള സംഘപരിവാർ സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെയുള്ള താക്കീതായി റാലി മാറും. ജനാധിപത്യ- മതേതര സമൂഹത്തിൻ്റെ ഏകീകരണം ലക്ഷ്യമാക്കി ആയിരങ്ങൾ സംഗമിക്കുന്ന അവകാശ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമിരമ്പും. രാജ്യത്തെ മുസ്ലിം സമൂഹം സമുദായ പുരോഗതിക്കായി നീക്കിവെച്ച വിഭവങ്ങൾ അപഹരിക്കാൻ ഏകപക്ഷീയമായി ചുട്ടെടുത്ത വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക, നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകളെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നടത്തി പൊളിച്ചു നീക്കുന്ന ഏത് നീക്കങ്ങളെയും തടയിടാൻ പര്യാപ്തമായ ആരാധന സംരക്ഷണ നിയമം പ്രയോഗവൽക്കരിക്കുക , രാജ്യത്തിൻ്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ തകർക്കുന്ന ഏക സിവിൽ കോഡ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന ബഹുജന റാലി നടത്തുന്നത്. ഇടിയങ്ങര മുഹമ്മദലി കടപ്പുറത്ത് നിന്നും ആരംഭിക്കുന്ന റാലി ബീച്ച് തീരദേശ റോഡ് വഴി മറൈൻഡ്രൈവിൽ സമാപിക്കും.
ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, എം.കെ. രാഘവൻ എം.പി, ഹാരിസ് ബീരാൻ എം.പി, സത്താർ പന്തലൂർ, കെ.ടി കുഞ്ഞികണ്ണൻ, കെ.പി നൗഷാദലി തുടങ്ങി പ്രമുഖർ സംബന്ധിക്കും.മഗ് രിബ് നിസ്കാരം ഗ്രൗണ്ടിൽ വെച്ച് നിർവ്വഹിക്കുന്നതിന് അംഗശുദ്ധി വരുത്തി റാലിയിലെത്താൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."