തിരിച്ചടി പേടിച്ച് വ്യാപാര യുദ്ധത്തില്‍നിന്ന് ട്രംപ് പിന്നോട്ട്, കാനഡയ്ക്കും മെക്‌സികോക്കും നികുതി ഈടാക്കല്‍ നീട്ടി, കടുത്ത താക്കീതുമായി ചൈന
വാഷിങ്ടണ്‍: തിരിച്ചടി ഭയന്ന് ട്രംപ് പ്രഖ്യാപിച്ച നികുതി വര്‍ധനവ് നടപ്പാക്കുന്നത് യു.എസ് വീണ്ടും നീട്ടി. കാനഡയ്ക്കും മെക്‌സികോക്കും നികുതി ഏര്‍പ്പെടുത്തുന്നതാണ് നീട്ടിവച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ മദ്യം കാനഡയില്‍ നിരോധിച്ചതും യു.എസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയതും അടക്കം യു.എസ് പ്രതീക്ഷിച്ചതിലധികം തിരിച്ചടിയാണ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്. അമേരിക്കയിലേക്ക് അവശ്യ വസ്തുക്കളില്‍ മിക്കതും ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നും മെക്‌സികോയില്‍ നിന്നുമാണ്. വിപണിയില്‍ നികുതി വര്‍ധനവോടെ വിലക്കയറ്റം ഉണ്ടായതും പകരം സ്വദേശി ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും നികുതി വര്‍ധനവ് നടപ്പാക്കുന്നത് നീട്ടാന്‍ മറ്റൊരു കാരണമാണ്.
ഇക്കാരണത്താല്‍ ചില ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കാനും യു.എസ് ആലോചിക്കുന്നുണ്ട്. 25 ശതമാനം നികുതിയാണ് ഇരു രാജ്യങ്ങളിലെയും ഉല്‍പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയിരുന്നത്. നികുതി വര്‍ധനവ് നീട്ടിയ നടപടിയെ മെക്‌സികന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബോം സ്വാഗതം ചെയ്യുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച നടപടി തുടരുമെന്ന് കനേഡിയന്‍ ധനമന്ത്രാലയം പറഞ്ഞു.
നികുതി വിഷയവുമായി ബന്ധപ്പെട്ട് ട്രംപുമായി കഴിഞ്ഞ ദിവസം ടെലിഫോണ്‍ ചര്‍ച്ച നടത്തിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അറിയിച്ചു. അതിനിടെ, ഏപ്രില്‍ നാല് മുതല്‍ ഇന്ത്യക്ക് അധിക നികുതി ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കുകയാണ്.
വ്യാപാര യുദ്ധത്തില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് യു.എസിന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ബെയ്ജിങ്ങില്‍ വാര്‍ത്താ സമ്മേളനത്തില്‍ യു.എസിനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നടത്തിയത്. യു.എസും ചൈനയും തമ്മിലുള്ള വാണിജ്യ ബന്ധം പരസ്പര ബഹുമാനത്തോടെയുള്ളതാണെന്നും അങ്ങനെ പോകുന്നതാണ് യു.എസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പകരം സമ്മര്‍ദം ഉപയോഗിക്കാനാണ് ശ്രമമെങ്കില്‍ ചൈന ശക്തമായി പ്രതിരോധിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികളാണ് ചൈനയും യു.എസും.
നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലാകും അതെന്ന് വാങ് യി പറഞ്ഞു. യു.എസിന്റേത് കാട്ടുനിയമമാണെന്നും അവരുടെ താല്‍പര്യത്തിന് വേണ്ടി മാത്രം സമ്മര്‍ദം സൃഷ്ടിക്കുകയാണെന്നും ഒരു രാജ്യവും ചൈനയെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും നല്ല ബന്ധം സൃഷ്ടിക്കുന്നതാണ് പുരോഗതിക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഒരു വര്‍ഷമായി നല്ല രീതിയിലാണെന്നും റഷ്യയിലെ കസാനില്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണിതെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."