തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു
മലപ്പുറം: തിരൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന മധ്യവയസ്കൻ പൊലീസിന്റെ പിടിയിൽ. മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരിശോധനയ്ക്കിടെ പ്രതിയുടെ പോക്കറ്റിൽ നിന്ന് 8 പൊതികളിലായി 93 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൂടാതെ, കഞ്ചാവ് വിൽപ്പന വഴി സമ്പാദിച്ച 7500 രൂപയും പ്രതിയുടെ കൈവശം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. കഞ്ചാവ് കടത്തിനായി ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഷെഡിന് സമീപം കഞ്ചാവ് കൃഷി; കട്ടിലിനടിയിൽ 260 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച് സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുൾ ഇസ്ലാം ആണ് അറസ്റ്റിലായത്.
പരിശോധനയിൽ 65 സെ.മീ.യും 55 സെ.മീ. നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഇയാളുടെ ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെത്തി.ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. സുമേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷ്, കെ.പി. സുരേഷ്, ജി. മനോജ് കുമാർ, ജി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. തസ്ലിം, സിസി ശ്രീജിത്ത്, എ.പി. അരുൺ, ശ്രീലാൽ എം.സി., വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്., ഡ്രൈവർ (ഗ്രേഡ്) വി.എസ്. ബെൻസി എന്നിവരും പങ്കെടുത്തു.
കരുനാഗപ്പള്ളിയിൽ 80 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ
അതേസമയം, കരുനാഗപ്പള്ളി പാവുമ്പയിൽ 23 ലിറ്റർ വ്യാജമദ്യവും 57 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഉൾപ്പെടെ 80 ലിറ്റർ മദ്യവുമായി അനധികൃത മദ്യവിൽപ്പനക്കാരൻ അറസ്റ്റിലായി. പാവുമ്പ സ്വദേശി വിജയൻ (39) ആണ് പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ജി. രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.റെയ്ഡിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി എസ്. ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, കിഷോർ, ജിനു തങ്കച്ചൻ, അൻസാർ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."