"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്
കോട്ടയം: "നിനക്ക് ഇനി എന്റെ നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും മരിക്കണം," എന്ന് നോബി പറഞ്ഞതായി പൊലിസ്
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോട്ടയം ഏറ്റുമാനൂരിൽ ഷൈനിയുടെയും അവരുടെ പെൺമക്കളുടെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ് ആരോപിക്കുന്നു. 2024-ൽ ഷൈനി തൊടുപുഴ പൊലിസ് സ്റ്റേഷനിൽ നോബിക്കെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഷൈനി മരിക്കുന്നതിന് തലേ ദിവസം രാത്രി 10:30-ന് നോബി വാട്സാപ്പ് വഴി വിളിച്ച് ഭീഷണിപ്പെടുത്തിയത് ആത്മഹത്യയിലേക്ക് നയിച്ചതായി പൊലിസ് സ്ഥിരീകരിച്ചു.
ഈ കേസിൽ നോബിയുടെ അമ്മയും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ജോലി ലഭിക്കാത്തതും വിവാഹമോചന കേസ് നീണ്ടുപോയതും ഷൈനിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാണ്. ഭർത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും ഷൈനി സുഹൃത്തിനോട് പറഞ്ഞിരുന്നു. "നീയും നിന്റെ രണ്ട് മക്കളും അവിടെത്തന്നെ ഇരുന്നോ. എനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ നീയും മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" എന്നാണ് നോബി ഫോണിൽ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകി.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോട്ടയം ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി പൊലിസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജാമ്യം എതിർത്ത് പൊലിസ് റിപ്പോർട്ട് സമർപ്പിച്ചു. ഷൈനിയുടെ പിതാവ് കുര്യാക്കോസും നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. അതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.
നോബിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കുള്ള കുറ്റം പൊലിസ് ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നോബിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും അവൻ സഹകരിച്ചിരുന്നില്ല. നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലിസ് അയച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും നോബിയുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."