ആംബുലന്‍സിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് സന്നദ്ധപ്രവര്‍ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
ഗസ്സ: ഗസ്സയില്‍ പരുക്കേറ്റവരുമായി പോകുകയായിരുന്ന ആംബുലന്‍സിനു നേരെ വെടിവച്ച് സന്നദ്ധ പ്രവര്‍ത്തകരെ ഇസ്റാഈല്‍ സൈന്യം വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടവരുടെ ദേഹത്ത് ഘടിപ്പിച്ച ഫോണിലെ ദൃശ്യങ്ങളാണ് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടത്. ആംബുലന്‍സുകളെ ആക്രമിക്കാറില്ലെന്നും ഹമാസിന്റെ വാഹനമാണ് ആക്രമിക്കുന്നതെന്നുമുള്ള ഇസ്റാഈല്‍ സൈന്യത്തിന്റെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന വിഡിയോ.
ആറു മിനുട്ടും 43 സെക്കന്റും നീളുന്ന വിഡിയോയില്‍ നിരവധി ആംബുലന്‍സുകള്‍ പോകുന്നതാണ് മറ്റൊരു ആംബുലന്‍സില്‍ നിന്ന് ചിത്രീകരിച്ചത്. ഇതിനിടെ ഒരു ആംബുലന്‍സ് സൈന്യം വെടിവച്ചു നിര്‍ത്തിച്ചു. പിന്നാലെ വരുന്ന ആംബുലന്‍സ് അപകടമാണെന്ന് കരുതി നിര്‍ത്തി. ഈ സമയത്താണ് ഇവര്‍ക്ക് നേരെയും വെടിവച്ചത്. വാഹനത്തിന്റെ മുന്നിലെ ഗ്ലാസ് തകരുന്നതും പിന്നീട് വിഡിയോ ഇരുട്ടാകുന്നതും ദൃശ്യങ്ങളുണ്ട്.
15 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇസ്റാഈല്‍ മാര്‍ച്ച് 23ന് വെടിവച്ചു കൊന്നത്. വിഡിയോ വിവാദമായതോടെ പ്രതികരണവുമായി ഇസ്റാഈല്‍ സൈനിക വക്താവ് രംഗത്തെത്തി. നേരത്തെ ക്ലിയറന്‍സ് വാങ്ങാത്ത ആംബുലന്‍സുകള്‍ക്ക് നേരെയാണ് വെടിവച്ചതെന്നായിരുന്നു സൈനിക വക്താവ് നദാവ് ഷോഷാനിയുടെ ന്യായീകരണം. സന്നദ്ധ പ്രവര്‍ത്തകരെ ഇസ്റാഈല്‍ വധിച്ച ശേഷം കുഴിച്ചുമൂടുകയായിരുന്നു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേരെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. 50,669 പേരാണ് 2023 ഒക്ടോബര്‍ മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ യുദ്ധത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. 115,225 പേര്‍ക്ക് പരുക്കേറ്റു. മരണം 61,700 ആണെന്ന് സര്‍ക്കാര്‍ മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മരിച്ചതായി കണക്കാക്കുമ്പോള്ള കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."