അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു
കോഴിക്കോട്: അമിനി ദ്വീപ് ഖാളിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെമ്പറും ലക്ഷദ്വീപിന്റെ ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു. 83 യസ്സായിരുന്നു. കോഴിക്കോട് ഇഖ്റഅ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 9 മണിക്കായിരുന്നു അന്ത്യം.
1942 ആഗസ്റ്റ് 17 ന് അമിനി ദ്വീപിൽ പാട്ടകൽ സയ്യിദ് അബൂസ്വാലിഹ് കുഞ്ഞിക്കോയ തങ്ങളുടെയും പാത്തുമ്മാതാട ഹലീമാബീവിയുടെയും മകനായി ജനിച്ച ഫത്ഹുല്ല തങ്ങൾ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം ലക്ഷദ്വീപിന്റെ ആത്മീയ വഴിയിൽ നിറ സാന്നിധ്യമായിരുന്നു.

അമിനി ദ്വീപിലെ ഗവണ്മെന്റ് സ്കൂളിലെയും പാരമ്പര്യ മത പഠനമനുസരിച്ചുള്ള പ്രാഥമിക പഠനത്തിനും ശേഷം കേരളം, കർണാടക എന്നിവിടങ്ങളിൽ വിവിധ ദർസുകളിൽ പഠനം നടത്തി. പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജിൽ നിന്നും ഫൈസി ഉന്നത പഠനം പൂർത്തിയാക്കി. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ.
കേരളം, ലക്ഷദ്വീപ് എന്നിവക്ക് പുറമെ ശ്രലങ്കയിലെ കൊളമ്പോ കേന്ദ്രമാക്കിയും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളും തങ്ങൾ നടത്തിയിരുന്നു.

പരേതയായ അമിനി പാട്ടകൽ മുത്തിബിയാണ് ഭാര്യ. സയ്യിദ് അബൂസ്വാലിഹ് തങ്ങൾ, സയ്യിദ് ശിഹാബുദീൻ തങ്ങൾ, സയ്യിദ ഖദീജ, സയ്യിദ ഹാജറബി, സയ്യിദ ഹമീദത്ത്ബി, സയ്യിദ ഹഫ്‌സ, സയ്യിദ സഫിയാബി, സയ്യിദ സുമയ്യ, സയ്യിദ സത്തി ഫഇസാ, പരേതനായ സയ്യിദ് മുഹമ്മദ് ഖാസിം തങ്ങൾ എന്നിവർ മക്കളുമാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സമസ്ത ക്യാമ്പസ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കുംപൊതു ദർശനത്തിന് ശേഷം ഖബർ അടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കൊണ്ടോട്ടി മുണ്ടക്കുളം ശംസുൽ ഉലമ സ്മാരക ജാമിഅഃ ജലാലിയ കാമ്പസിൽ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."