അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
ഡൽഹി: 2025 ഐപിഎല്ലിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 17 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിച്ചിരുന്നു. വൈഭവിന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ തനിക്ക് വാക്കുകളില്ലെന്നാണ് സഞ്ജു പറഞ്ഞത്. സ്റ്റാർ സ്പോർട്സിലൂടെ സംസാരിക്കുകയായിരുന്നു രാജസ്ഥാൻ നായകൻ.
''വൈഭവിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. അവൻ നേടിയ അർദ്ധ സെഞ്ച്വറി മികച്ചതായിരുന്നു. വേഗത കുറഞ്ഞ ബോളുകൾ കവറിലൂടെ അടിക്കാൻ അവന് കഴിയും. മധ്യ ഓവറുകളിൽ അവൻ വളരെ സമർത്ഥമായാണ് വൈഭവ് ബാറ്റ് ചെയ്തത്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ അവന് സാഹചര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു.
ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ഈ സീസണിൽ താരം സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു താരം സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്.
ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്. 16ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച പ്രയാസ് റേ ബർമന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. 2019ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് താരം കളത്തിൽ ഇറങ്ങിയത്.
2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
Sanju Samson praises vaibhav suryavanshi performance for Rajasthan royals in ipl 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."