ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്
വെള്ളരിക്കുണ്ട് (കാസർകോട്): നാലാം ക്ലാസിൽ കിട്ടിയ തല്ലിന് 62 -ാം വയസിൽ തിരിച്ചടിച്ച് പ്രതികാരം. പകവീട്ടിയതാകട്ടെ സഹപാഠിയുടെ രണ്ടു പല്ല് അടിച്ചുകൊഴിച്ചും. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണവുമാരംഭിച്ചു.
കാസർകോട് ജില്ലയുടെ മലയോര ഗ്രാമമായ വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻപരിധിയിലെ മാലോത്താണ് സംഭവം. മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി.ജെ ബാബു (62)ന്റെ രണ്ട് പല്ലുകളാണ് സഹപാഠിയായിരുന്ന മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേർന്ന് അടിച്ചു കൊഴിച്ചത്. കുട്ടിക്കാലത്ത് ഉണ്ടായ വഴക്കിനെയും അടിപിടിയെയും ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ മാലോം ടൗണിലെ ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന ബാബുവിനെ, നാലാം ക്ലാസിൽ വച്ച് തന്നെ തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണൻ വീണ്ടും അക്രമിച്ചു.
ഇതിനിടയിൽ ബാലകൃഷ്ണനൊപ്പമുണ്ടായിരുന്ന മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തിപ്പരുക്കേൽപ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകൾ കൊഴിയുകയും ചെയ്തു.
സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലിസ് രണ്ടു പേർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ പി ജയരാജന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്. ബാബുവിനെ ബന്ധുക്കൾ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരുക്ക് സാരമുള്ളതായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജില്ലാ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
This is Balakrishnans revenge the beating in fourth grade gets a retribution at the age of 62 Incident in Kasaragod
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."