ഒ.ഡി.എഫ് പദ്ധതി: ശുചിമുറി നിര്‍മാണം സജീവമാക്കണമെന്ന് കലക്ടര്‍
കൊല്ലം: തുറസായ സ്ഥലത്തെ വിസര്‍ജനം ഒഴിവാക്കുന്നതിന് ലക്ഷ്യമിടുന്ന ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ(ഒ.ഡി.എഫ്) പദ്ധതി പ്രകാരമുള്ള ശുചിമുറി നിര്‍മാണം സജീവമാക്കണമെന്ന് ജില്ലാ കലക്ടര്‍ മിത്ര റ്റി. നിര്‍ദേശിച്ചു. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ശൗചാലയങ്ങള്‍ ഇല്ലാത്ത 12801 കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മിച്ചു നല്‍കി ജില്ലയെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ഇളമ്പളളൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ ഗ്രാമപഞ്ചായത്തുകള്‍ ഇതിനോടകം സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു. ശേഷിക്കുന്ന 62 പഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ 15 നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ശൗചാലയം നിര്‍മിക്കുന്നതിന് 15,400 രൂപയാണ് നല്‍കുന്നത്. ഗ്രാമങ്ങളില്‍ ഇതില്‍ 12,000 രൂപയും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 5,333 രൂപയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ശേഷിക്കുന്ന തുക ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റികളും അവരുടെ ഫണ്ടില്‍നിന്നാണ് നല്‍കുന്നത്.
ജില്ലാ ആസൂത്രണ സമിതി 68 ഗ്രാമപഞ്ചായത്തുകളുടെയും ശൗചാലയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറായ അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത് പറഞ്ഞു.
ശുചിമുറി നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഗുണഭോക്താക്കള്‍ക്കുവേണ്ട ശ്രമദാന സഹായം, സാമൂഹിക പിന്തുണ, ബോധവല്‍ക്കരണം എന്നിവയ്ക്കായി നാഷണല്‍ സര്‍വ്വീസ് സ്‌കീം, സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യൂ) കോളജുകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കും.
യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി .കൃഷ്ണകുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മെല്‍വിന്‍, രാധാകൃഷ്ണിളള, പ്രോഗ്രാം ഓഫിസര്‍ ഷാനവാസ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി സജീവന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."