ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍
ദോഹ: ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ മേഖലയിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഖത്തര്‍. വടക്കൻ ഗസ്സയിൽ അടിയന്തര ചികിത്സാ സഹായത്തിനായി കാത്തിരിക്കുന്ന പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ (ക്യുഎഫ്‌എഫ്‌ഡി) ധനസഹായത്തോടെ ഗസ്സയിലെ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ-താനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്‌തെറ്റിക്‌സിൽ പ്രഥമശുശ്രൂഷാ കേന്ദ്രം സ്ഥാപിച്ച് ഖത്തർ.
നൂറുകണക്കിന് രോഗികളെ സ്വീകരിക്കുന്ന മെഡിക്കൽ പോയിന്റ്, പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും ലഭ്യമായ ചികിത്സ നൽകുന്നതിനും ചില കേസുകൾ ഗസ്സയിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിനും ആരോഗ്യ മന്ത്രാലയം, ഫലസ്തീൻ റെഡ് ക്രെസന്റ്, മെഡിക്കൽ സേവനങ്ങൾ എന്നിവ നടത്തുന്ന ആംബുലൻസുകൾ ഉപയോഗിക്കുന്നതിനും സഹായമാകും. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ, ആശുപത്രിയിൽ പരുക്കേറ്റ 2,538 പേർക്ക് ചികിത്സ നൽകി. കഴിഞ്ഞ ആഴ്ച മാത്രം ഇസ്റാഈൽ ആക്രമണത്തിൽ 119 പേർ കൊല്ലപ്പെടുകയും 1,227 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
"മാനുഷിക പ്രവർത്തനങ്ങളോടുള്ള ഫണ്ടിന്റെ പ്രതിബദ്ധതയും ഗസ്സയിലെ സഹോദരീസഹോദരന്മാരോടുള്ള ഉത്തരവാദിത്തബോധവും പരിഗണിച്ച്, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവർക്ക് പരിചരണം എത്തിക്കുന്നത് ഉറപ്പാക്കുന്നതിന് ഗസ്സയിലെ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ-താനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സിനെ ഞങ്ങൾ തുടർന്നും പിന്തുണയ്ക്കുന്നു," ക്യുഎഫ്എഫ്ഡി ഡയറക്ടർ ജനറലും ആശുപത്രി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫഹദ് ഹമദ് അൽ സുലൈത്തി പറഞ്ഞു.
സഹായങ്ങൾ ഉടനടി സുരക്ഷിതമായി എത്തിക്കുന്നതിനും സാധാരണക്കാരുടെയും മാനുഷിക പ്രവർത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"ഗസ്സയിലെ രൂക്ഷമായ ആക്രമണവും സാധാരണക്കാരെ നേരിട്ട് ലക്ഷ്യം വയ്ക്കുന്ന ക്രൂരമായ വേട്ടയും അന്താരാഷ്ട്ര സമൂഹത്തിന്മേൽ നിഷേധിക്കാനാവാത്ത ധാർമ്മികവും മാനുഷികവുമായ ഉത്തരവാദിത്തം ചുമത്തുന്നു. ആസൂത്രിത പട്ടിണി, മെഡിക്കൽ വിഭവങ്ങളുടെ അഭാവം, തുടർച്ചയായ ആക്രമണം എന്നിവ നിരപരാധികളുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുന്ന കുറ്റകൃത്യങ്ങളാണ്. അവ ഉടനടി അവസാനിപ്പിക്കണം. മാനുഷിക സഹായം സമ്മർദ്ദത്തിന്റെ ഒരു ഉപകരണമല്ല, ദുർബലർക്കെതിരായ ആയുധമായി ഒരിക്കലും അത് ഉപയോഗിക്കരുത്." അദ്ദേഹം കൂട്ടിച്ചേർത്തു.
"ആശുപത്രികളെ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുന്നത് കാരണം ഗസ്സ മുനമ്പിലെ ആരോഗ്യ സംവിധാനത്തിന്റെ തകർച്ചയും ബലഹീനതയും കണക്കിലെടുത്ത് മാനുഷിക കടമയുടെ ഭാഗമായാണ് പ്രഥമശുശ്രൂഷയും അടിയന്തര ചികിത്സാ കേന്ദ്രവും സ്ഥാപിക്കുന്നത്. ആശുപത്രിക്ക് സമീപമുള്ള വടക്കൻ പ്രദേശത്തെ വഷളായിക്കൊണ്ടിരിക്കുന്ന ഫീൽഡ് സാഹചര്യങ്ങൾക്ക് പുറമെയാണിത്. പരുക്കേറ്റ നിരവധി ആളുകൾ ദിനംപ്രതി ഇവിടേക്ക് പ്രവഹിക്കുകയാണ്," ഗസ്സസയിലെ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സിന്റെ ഡയറക്ടർ ജനറൽ അഹമ്മദ് നയീം പറഞ്ഞു.
അടിയന്തര പ്രതികരണ കേന്ദ്രത്തിന് പുറമേ, പ്രോസ്തെറ്റിക്സ് - മെഡിക്കൽ റീഹാബിലിറ്റേഷൻ - ഓഡിയോളജി, ബാലൻസ് എന്നീ മൂന്ന് പ്രധാന വകുപ്പുകൾ, വടക്കൻ ഗസ്സയിൽ നിലവിൽ പ്രവർത്തിക്കുന്ന ഒരേയൊരു സിടി സ്കാൻ യൂണിറ്റ് എന്നിവയിലൂടെ പരുക്കേറ്റവരേയും വികലാംഗരേയും സേവിക്കുന്നത് ആശുപത്രി തുടരുകയാണ്.
as israeli airstrikes escalate in gaza, qatar has delivered additional medical aid to support overwhelmed hospitals and civilians in need of urgent care.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."