പ്രേം നസീറിന്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു; ഖബറടക്കം ഇന്ന്
തിരുവനന്തപുരം: നടൻ ഷാനവാസ് അന്തരിച്ചു. 71വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം. ഷാനവാസിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. നാല് വർഷത്തോളമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
50ലേറെ മലയാള ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ൽ പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് അവസാനം വേഷമിട്ടത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും മലയാള സീരിയലുകളിലും ഷാനവാസ് വേഷമിട്ടിരുന്നു.
ഖബറടക്കം ഇന്ന് വൈകീട്ട് 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."