ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം
തിരുവനന്തപുരം: കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 ന്റേതെന്ന് കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയില്‍ കണ്ടെത്തി. കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് 2 ദിവസമായി നടത്തിയ തെരച്ചിലിലാണ് കണ്ടെയ്‌നര്‍ ഭാഗം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
കപ്പല്‍ മുങ്ങിയതിന് ശേഷം ഒഴുകി നടന്ന കണ്ടെയ്‌നറുകള്‍ വിവിധ തീരങ്ങളില്‍ അടിഞ്ഞിരുന്നെങ്കിലും ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയില്‍ നിന്നും കണ്ടെത്തുന്നത്. കടലിനടിയില്‍ കണ്ടെത്തിയ കണ്ടയ്‌നറില്‍ എന്തെന്നുള്ളത് പരിശോധിച്ച് കരയിലേക്കെത്തിക്കാനാണ് ശ്രമം.
2025 മെയ് 24ന് ആണ് ലൈബീരിയന്‍ ചരക്ക് കപ്പലായ എം.എസ്.സി എല്‍സ3 ഒരു വശത്തേക്ക് ചെരിഞ്ഞത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കപ്പലിലുള്ള 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ഏതാനും കണ്ടയ്‌നറുകള്‍ വെള്ളത്തില്‍ വീണിട്ടുള്ളൂവെങ്കിലും കപ്പല്‍ പതിയെ പതിയെ ചെരിയുകയും മണിക്കൂറുകള്‍ക്കകം പൂര്‍ണമായും മുങ്ങുകയും ചെയ്തു. കൊച്ചി തീരത്ത് നിന്നും തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പലില്‍ അറുന്നൂറില്‍പരം കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.
സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയായും കപ്പല്‍ ജീവനക്കാരെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.
English Summary: A submerged container part has been discovered under the sea near Kovalam Ashok Beach, suspected to be from the sunken cargo ship MSC Elisa-3. The discovery came after local shellfish divers reported the sighting, prompting a two-day search operation led by Friends of Marine Life (Thiruvananthapuram) and Scuba Divers from Kochi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."