ജയിലിലേക്ക് ഫോണും ലഹരിയും 'വായുമാർഗം' എത്തും, കൂലി 2,000 വരെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ എറിഞ്ഞുകൊടുത്താൽ 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം ജയിലിനകത്തേക്ക് മൊബൈൽ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കുന്നതിനിടെ പിടിയിലായ പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് ആണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം പൊലിസിനോട് തുറന്നുപറഞ്ഞത്.
മതിലിനകത്തുനിന്ന് സിഗ്നൽ ലഭിച്ച ശേഷമാണ് മൊബൈൽ ഉൾപ്പെടെയുള്ളവ എറിഞ്ഞുകൊടുക്കുക. പ്ലാസ്റ്റിക് കവറിൽ തുണികളോ സ്‌പോഞ്ചോ വച്ച് ഭദ്രമായി പൊതിഞ്ഞാണ് തടവുകാർക്ക് 'അവശ്യസാധനങ്ങൾ' എറിഞ്ഞെത്തിക്കുക. ബീഡിയും കഞ്ചാവുമാണ് കൂടുതലും ഇങ്ങനെ ജയിലിലേക്കെറിയുന്നത്. ഇടയ്ക്ക് മൊബൈൽ ഫോണും. ജയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കൽ വരുമാനമാർഗമാണെന്നും അക്ഷയ് പൊലിസിനോട് പറഞ്ഞു. തന്നെപ്പോലെ പലരും ഇതുവഴി പണം സമ്പാദിക്കുന്നതായും അക്ഷയ് വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നിന് സെൻട്രൽ ജയിലിനകത്തേക്ക് മൊബൈൽ ഫോണും ബീഡിയും എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് അക്ഷയ് പിടിയിലായത്. കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വാർഡൻമാരെ കണ്ടതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
ദേശീയപാതയോട് ചേർന്ന മതിലിനു സമീപത്തുവച്ചാണ് മൊബൈലും ലഹരിവസ്തുക്കളും അകത്തേക്ക് എറിഞ്ഞുനൽകുക. ജയിലിന്റെ ഏതു ഭാഗത്ത് എപ്പോഴാണ് എത്തേണ്ടതെന്ന കാര്യം സാധനങ്ങൾ നൽകുന്നയാൾ അറിയിക്കും. കല്ലോ മറ്റ് വസ്തുക്കളോ പുറത്തെറിഞ്ഞാണ് ജയിലിനകത്തുനിന്ന് സൂചന നൽകുക. ഈ സമയത്താണ് പുറത്തുനിന്ന് ലഹരിമരുന്നുൾപ്പെടെ അകത്തേക്ക് എറിഞ്ഞുകൊടുക്കുക.
ആവശ്യക്കാരന് സാധനം ലഭിച്ചുകഴിഞ്ഞതിനു പിന്നാലെ 'കൂലി' ഗൂഗ്ൾ പേ വഴി അക്കൗണ്ടിലെത്തും. ലഹരിവസ്തുക്കളും മൊബൈലും എത്തിക്കുന്നയാളെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് അക്ഷയ് പറയുന്നതെങ്കിലും രാഷ്ട്രീയ തടവുകാർക്കുവേണ്ടിയാണ് ഇവയിലേറെയും 'മതിൽകടക്കുന്ന'തെന്നാണ് വിവരം. കാലങ്ങളായി രാഷ്ട്രീയ തടവുകാർ ഉൾപ്പെടെയുള്ളവർ ജയിലിൽ മൊബൈൽ ഉപയോഗിക്കുന്നുണ്ട്.
ജയിലിൽ തടസമില്ലാതെ ഫോൺ ഉപയോഗം നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയും വെളിപ്പെടുത്തിയിരുന്നു. മൂന്നാഴ്ചയ്ക്കിടെ നിരവധി ഫോണുകളാണ് സെൻട്രൽ ജയിലിൽ നിന്നും പിടികൂടിയത്. ഇതോടെയാണ് വീണ്ടും മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം നടന്നത്. ഏറെനാൾ ചാർജ് നിൽക്കുന്ന കീപാഡ് മൊബൈലുകളാണ് തടവുകാർക്ക് എറിഞ്ഞുനൽകുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി ജയിലിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങളുൾപ്പെടെ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർക്കാർ നിയോഗിച്ച അന്വേഷണസമിതി കഴിഞ്ഞദിവസം കണ്ണൂർ ജയിലിൽ പരിശോധന നടത്തിയിരുന്നു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ റിട്ട. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ, മുൻ പൊലിസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സംഘം സംവിധാനങ്ങളിൽ അടിമുടി അഴിച്ചുപണി അനിവാര്യമാണെന്നും വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."