കാവേരി നദീജല പ്രശ്നം മൂന്നാംദിനവും ബസ് സര്‍വിസില്ല; വലഞ്ഞ് ജനം
ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനെത്തുടര്‍ന്ന് യാത്രക്കാരെ വലച്ച് മൂന്നാംദിവസവും ബസ് സര്‍വിസുകള്‍ റദ്ദാക്കി. തമിഴ്നാട്-കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളാണ് മൂന്നാം ദിവസവും സര്‍വിസ് അതിര്‍ത്തിയില്‍ അവസാനിപ്പിച്ചത്.
കാവേരി നദിയില്‍ നിന്ന് 15 ടി.എം.സി ജലം പത്തുദിവസത്തേക്ക് തമിഴ്നാടിന് നല്കാന് കര്‍ണാടകയോട് സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടകയിലെ മാണ്ഡ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
അക്രമസാധ്യത കണക്കിലെടുത്താണ് ബസ് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഗൂഡല്ലൂര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കര്‍ണാടക-തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്മ അതിര്‍ത്തിയായ കക്കനഹള്ള വരെയാണ് സര്‍വിസ് നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സ്വകാര്യ വാഹനങ്ങളും കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ വളരെക്കുറച്ചേ കടന്നുപോയിട്ടുള്ളു.
കര്‍ണാടകത്തില്‍നിന്ന് ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ ബലി പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ക്ക് കേരളത്തിലേക്കും, തമിഴ്നാട്ടിലേക്കും പോകേണ്ട നൂറുകണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."