രേഖ കരുതണം 53.25 ലക്ഷം പേര്‍; എസ്.ഐ.ആര്‍: ആശങ്ക ഒഴിയുന്നില്ല
തിരുവനന്തപുരം: കേരളത്തിലും നടപ്പാക്കാൻ പോകുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) ആശങ്കകൾ ഒഴിയുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ട നിർദേശങ്ങൾ അനുസരിച്ചാണെങ്കിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വോട്ടുചെയ്ത 53.25 ലക്ഷം പേരാണ് ത്രിശങ്കുവിലുള്ളത്. കഴിഞ്ഞ 23 വർഷമായി വോട്ടുചെയ്തവർ പോലും പട്ടികയിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ട്. പൗരത്വം തെളിയിക്കാനുള്ള 12 രേഖകളിലൊന്ന് ഹാജരാക്കി എന്യൂമറേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ മാത്രമാകും വോട്ടർപട്ടികയിൽ തുടരാനാകുക. ബിഹാർ മോഡലാണെങ്കിൽ രേഖകൾ സമർപ്പിച്ചാലും എത്രപേർ പട്ടികയിൽ ഉൾപ്പെടുമെന്ന് കാത്തിരുന്ന് കാണണം.
കേരളത്തിൽ അവസാനമായി സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്ന 2002ൽ 2.24 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 2.78 കോടി പേരുണ്ട്. 2002ന് ശേഷം വോട്ടർപട്ടികയിൽ ഇടംപിടിച്ച 53.25 ലക്ഷത്തിലധികം പേർക്കാണ് പൗരത്വരേഖകൾ സമർപ്പിച്ച് എന്യൂമറേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടത്. 2002ലെ പട്ടികയിലും പുതിയ പട്ടികയിലും ഉള്ളവർക്ക് രേഖകൾ സമർപ്പിക്കേണ്ട, പകരം ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.
ആശങ്കകൾ ഈ മാസം 20ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ ഉന്നയിക്കാനാണ് വിവിധ രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. നിലവിലെ പട്ടികയിൽ നിന്ന് വോട്ടർമാരെ പുറത്താക്കുന്നതിനെ എതിർക്കുകയാണ് കോൺഗ്രസ്. 23 വർഷം മുമ്പുള്ള വോട്ടർപട്ടിക എന്തിനാണെന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അർഹരുടെ വോട്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ആറിനെ എതിർക്കുകയാണ് കോൺഗ്രസ്. സമാനമായ നിലപാടിലാണ് സി.പി.എമ്മും സി.പി.ഐയും. ബിഹാർ മോഡൽ എസ്.ഐ.ആർ. നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സി.പി.ഐക്ക്. നിലവിൽ ബി.ജെ.പി മാത്രമാണ് എസ്.ഐ.ആറിനെ അനുകൂലിച്ച് പരസ്യമായി രംഗത്തുവന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."