ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയാറെന്ന് ഇറ്റലി; പക്ഷേ ഈ വ്യവസ്ഥകള്‍ പാലിക്കണം
ന്യൂയോർക്ക്: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. എന്നാൽ, 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്റാഈലിൽ നിന്ന് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടണമെന്നും, ഹമാസ് സർക്കാർ പദവികളിൽ നിന്ന് പൂർണമായി ഒഴിവാകണമെന്നും മെലോണി നിബന്ധന വെച്ചു. ഈ വിഷയത്തിൽ ഇറ്റാലിയൻ പാർലമെന്റിൽ ഒരു പ്രമേയം അവതരിപ്പിക്കുമെന്നും അവർ അറിയിച്ചു.
ഗസ്സയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ, റോം ഉൾപ്പെടെ, ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ട്രേഡ് യൂണിയനുകളുടെ ‘ലെറ്റ്സ് ബ്ലോക്ക് എവരിതിംഗ്’ എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഈ പ്രകടനങ്ങൾ നടന്നത്. പ്രതിഷേധക്കാർ പൊലിസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് പൊലിസുകാർക്ക് പരിക്കേൽക്കുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മെലോണിയുടെ പ്രസ്താവന.
“ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിനോട് ഞാൻ എതിരല്ല, പക്ഷേ ശരിയായ മുൻഗണനകൾ നാം നിശ്ചയിക്കണം. ഗസ്സയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെങ്കിൽ, ഇസ്റാഈലിന് മേൽ സമ്മർദം ചെലുത്തുന്നതിന് പകരം ഹമാസിനെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണം,” മെലോണി വ്യക്തമാക്കി.
“യുക്രൈനും ഗസ്സയുമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ആശങ്കയും ഏറ്റവും കൂടുതൽ പങ്കിടുന്ന രണ്ട് സംഘർഷ മേഖലകൾ. റഷ്യ ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ലംഘിച്ചു. ഗസ്സയിൽ ഇസ്റാഈൽ മാനുഷിക നിയമങ്ങൾ മറികടന്നു. എന്നാൽ, എല്ലാ ഉത്തരവാദിത്തവും ഇസ്രഈലിന്റെ മേൽ മാത്രം ചുമത്തുന്നവരോട് ഞാൻ യോജിക്കുന്നില്ല,” അവർ കൂട്ടിച്ചേർത്തു.
ബന്ദികളെ മോചിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും ഹമാസിന് കഴിയുമെന്നും അവർ പൂർണമായി മാറിനിൽക്കേണ്ടത് അനിവാര്യമാണെന്നും മെലോണി ഊന്നിപ്പറഞ്ഞു. ഇസ്റാഈലിന്റെ ശക്തമായ സഖ്യകക്ഷിയായ വലതുപക്ഷ സർക്കാരിനെ നയിക്കുന്ന മെലോണി, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച വഴി പിന്തുടരാൻ വിസമ്മതിച്ചു.ലോകത്തെ യുദ്ധങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും മെലോണി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."