വിജയിനെ അറസ്റ്റ് ചെയ്യൂ...ആവശ്യവുമായി സോഷ്യല്‍ മീഡിയ; ഉടന്‍ കേസെടുക്കും, അറസറ്റില്‍ തീരുമാനം അന്വേഷണത്തിന് ശേഷമെന്ന് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തം. റാലിക്കിടെതിക്കിലും തിരക്കിലും പെട്ട് 4പേരാണ് മരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ കുട്ടികളും 16 പേര്‍ സ്ത്രീകളുമാണ്. ബോധരഹിതരായി വീണ സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
വിജയ് നേരം വൈകിയതാണ് ഇത്രയും വലിയ ദുരനന്തത്തിന് കാരണമായതെന്ന് ഒരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. വിഢിത്തെ വിളമ്പുന്നത് നിര്‍ത്തി വിജയിനെ അറസ്റ്റ് ചെയ്യൂ പൊലീസേ എന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. ഐ.പി.എല്‍ ആഗോഷ വേളയിലെ സംഭവം ചൂണ്ടിക്കാട്ടിയാണ് മറ്റൊരു ട്വീറ്റ്. അന്ന് ആര്‍.സി.ബിയുടെ ആഘോഷങ്ങള്‍ക്കിടെ വിരാട് കോഹ് ലിയെ അറസ്റ്റ് ചെയ്യൂ എന്നാണ് സി.എസ്.കെ ആരാധകര്‍ ആക്രോശിച്ചത്. ഇവിടേയും അതുപോലെ വിജയിയെ അറസ്റ്റ് ചെയ്യൂ എന്ന് ആക്രോശിക്കൂ- അയാള്‍ ആവശ്യപ്പെടുന്നു.
വിജയ്‌നെ അറസ്റ്റ് ചെയ്യുമോ എന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് 50ല്‍ അധികം പേരെ പരുക്കുകളോടെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അറിയിച്ചു. 40 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐ.സി.യുവിലേക്കു മാറ്റി.അപകടത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് മടങ്ങി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സ്റ്റാലിന്‍ അപകടത്തിന് പിന്നാലെ കരൂരിലേക്ക് തിരിച്ചു. തിരുച്ചിയില്‍നിന്ന് 24 ഡോക്ടര്‍മാരും സേലത്തുനിന്ന് 20 ഡോക്ടര്‍മാരും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും കരൂരിലെത്തി. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകള്‍ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ അറിയിച്ചു.പരുക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുന്‍ മന്ത്രി വി. സെന്തില്‍ ബാലാജിയെയും മന്ത്രി മാ. സുബ്രഹ്‌മണ്യത്തെയും നിയോഗിച്ചതായി സ്റ്റാലിന്‍ വ്യക്തമാക്കി.
#WATCH | Karur, Tamil Nadu | On the Karur stampede, Additional Director General of Police (ADGP), Law and Order, S. Davidson Devasirvatham says, "...We will have to get the preliminary investigation done. Thirty-nine people have lost their lives. A case has been registered..." pic.twitter.com/6YKeWwCmUR
— ANI (@ANI) September 28, 2025
അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരില്‍ ഇന്നലെ നടന്ന റാലി. പ്രവര്‍ത്തകരുടെ ഒഴുക്ക് വര്‍ധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിര്‍ത്തിവച്ച് ആളുകളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് വഴി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
അതിനിടെ, ദുരന്തമറിഞ്ഞ് ഹൃദയം തകര്‍ന്നുവെന്നും സഹിക്കാനാവാത്ത വേദനയെന്നുമാണ് സംഭവത്തിന് ശേഷം നടന്‍ വിജയ് എക്‌സില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. അപകടത്തിന് ശേഷം വിജയ് ട്രിച്ചിയില്‍ നിന്നും സ്വകാര്യവിമാനത്തില്‍ ചെന്നൈയിലേക്ക് പോയി. ട്രിച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. സംഘാടനത്തിലെ ഗുരുതര വീഴ്ചയും തിരക്കിനിടെ പൊലീസ് ലാത്തി വീശിയതും കരൂരിനെ ദുരന്ത ഭൂമിയാക്കുന്നതിന്റെ ആക്കം കൂട്ടിയെന്നുമടക്കമാണ് ടി.വി.കെ നേതാക്കള്‍ ആരോപിക്കുന്നത്.
four dead and dozens injured during tvk rally in karur led by actor vijay; crowd chaos sparks outrage and political questions over safety lapses
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."