പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സഊദി
റിയാദ്: പുകയില ഉൽപ്പന്നങ്ങലുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കടകൾക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകി സഊദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. രാജ്യത്തുടനീളം വാണിജ്യ അന്തരീക്ഷം ഒരുക്കുക, പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
സിഗരറ്റ്, ഷിഷ, ഇ-സിഗരറ്റ് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് പുതിയ കർശന നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സഊദി ഗസറ്റ് പ്രസിദ്ധീകരിച്ച നിർദേശങ്ങൾ പ്രകാരം, ഈ ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ കടകൾക്കും ലൈസൻസ് നിർബന്ധമാണ്. വാണിജ്യ രജിസ്ട്രേഷൻ, സിവിൽ ഡിഫൻസ് അംഗീകാരം, മുനിസിപ്പൽ ലൈസൻസിംഗ് നടപടികൾ എന്നിവ പൂർണമായി പാലിക്കാത്തവർക്ക് അനുമതി നിഷേധിക്കും.
പുകയില ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന എല്ലാ സ്റ്റോറുകൾക്കും നിയന്ത്രണങ്ങൾ ബാധകമാകും. നഗരപ്രദേശങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിൽ മാത്രമേ കടകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. കുറഞ്ഞത് 36 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. തെരുവ് വീതി, സൈറ്റ് വർഗ്ഗീകരണം എന്നിവ അടിസ്ഥാനമാക്കിയുള്ള മുനിസിപ്പാലിറ്റി നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ നഗരങ്ങളെ സുരക്ഷിതവും സംഘടിതവുമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രവർത്തനവും സുരക്ഷാ മാനദണ്ഡങ്ങളും
കടകളുടെ ബാഹ്യ ചിഹ്നങ്ങളിൽ കടയുടെ പേര് മാത്രം അനുവദനീയമാണ്. ലോഗോകൾ, പ്രമോഷണൽ സാമഗ്രികൾ എന്നിവ നിരോധിച്ചിട്ടുണ്ട്. പൊതു നടപ്പാതകളുടെ ഉപയോഗവും വിലക്കപ്പെട്ടു. ആന്തരികവും ബാഹ്യവുമായ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. പൊതു ശുചിത്വം, സുരക്ഷിതമായ മാലിന്യ നിർമാർജനം, ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്.
നഗര കോഡ് അനുസരിച്ചുള്ള മുൻഭാഗ രൂപകൽപ്പന, പ്രവേശനക്ഷമതയ്ക്കുള്ള റാമ്പുകൾ, അലാറം, അഗ്നിശമന സംവിധാനങ്ങൾ, വെന്റിലേഷൻ, ലൈറ്റിംഗ്, എയർ കണ്ടീഷനിംഗ്, അഗ്നി പ്രതിരോധം തുടങ്ങിയ സഊദി ബിൽഡിംഗ് കോഡ് പാലിക്കണം. നിക്ഷേപകർക്ക് ഈ സാങ്കേതിക, വാസ്തുവിദ്യാ ആവശ്യകതകൾ പൂർത്തിയാക്കേണ്ടി വരും.
നിരീക്ഷണവും ശിക്ഷാ നടപടികളും
മുനിസിപ്പൽ അധികാരികൾ പാലിക്കൽ നിരീക്ഷിക്കുകയും ലംഘനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും. പുതിയ നിയമങ്ങൾ മേൽനോട്ടം ശക്തിപ്പെടുത്താനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും അംഗീകൃത മാനദണ്ഡങ്ങൾ ഉറപ്പാക്കാനും സുരക്ഷിത നഗര പരിസ്ഥിതി സൃഷ്ടിക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുകയില ഉപഭോഗത്തിന്റെ ആരോഗ്യ ദോഷങ്ങൾ കുറയ്ക്കാനുള്ള ഈ നടപടികൾ സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
saudi arabia enforces rigorous regulations on tobacco product sales to curb smoking and protect public health, including bans on flavored products and stricter licensing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."