'ജെൻ സി'യെ പരിഗണിക്കാൻ വിദ്യാഭ്യാസ വകുപ്പ്; ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനിലേക്ക്
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. ജെൻസി എന്ന് വിളിക്കുന്ന തലമുറ ഡിജിറ്റൽ ഉപകരണങ്ങൾക്ക് നടുവിൽ പിറന്നുവീഴുന്ന ഡിജിറ്റൽ നേറ്റിവ്‌സ് ആണ്. ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് അവർക്ക് മുന്നോട്ടുപോകാനാകില്ല. എൻട്രൻസ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
ബിരുദ തലത്തിലെ പോലെ ബിരുദാനന്തര ബിരുദ തലത്തിലും കരിക്കുലം പരിഷ്‌കരിക്കും. ഇതിനായി ഡിജിറ്റൽ സർവകലാശാല മുൻ വി.സി ഡോ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതി കരട് ശുപർശകൾ സമർപ്പിച്ചിട്ടുണ്ട്. ബിരുദ പരിഷ്‌കരണത്തിന് നേതൃത്വം നൽകിയ ഡോ. സുരേഷ് ദാസ് അധ്യക്ഷനായ സമിതിയും പ്രവർത്തിക്കുന്നുണ്ട്. നാല് വർഷ ബിരുദം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവും സർക്കാരിനില്ല. ബിരുദ പഠനത്തിന് ശേഷം ഗവേഷണ, അധ്യാപക മേഖലയിലേക്ക് കടക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം നാല് വർഷ ബിരുദത്തിൽ നൽകിയിട്ടുണ്ട്.
നാലു വർഷ ബിരുദത്തിൽ ചേരുന്ന വിദ്യാർഥിക്ക് മൂന്ന് വർഷം കൊണ്ട് 133 ക്രെഡിറ്റ് നേടാനായാൽ ബിരുദം നേടി പുറത്തുപോകാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനും പി.എസ്.സി അടക്കമുള്ള തൊഴിൽ തേടാനും ഈ ബിരുദം മതിയാകും. വിദ്യാർഥികൾക്ക് രാജ്യത്തിന് അകത്തും പുറത്തും ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി ഇന്റേൺഷിപ്പ് പോർട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."