ഒന്നമര്‍ന്ന് കുതിച്ചുചാടി സ്വര്‍ണ വില; പവന് വന്‍വര്‍ധന 87,000 തൊട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ വൈകുന്നേരം അല്‍പം ഇടിഞ്ഞിടത്തു നിന്നാണ് സ്വര്‍ണം ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 87,000 തൊട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വര്‍ണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 10,875 രൂപയായാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന് 880 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയര്‍ന്നു.
ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില കേരളത്തിലും ഉയരുന്നത്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു.എസ് ഷട്ട്ഡൗണിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതാണ് ഇന്നത്തെ വില കൂടിലിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 3,872.87 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 3,901.40 ഡോളറായും ഉയര്‍ന്നു.
റെക്കോഡുകള്‍ തിരുത്തി മുന്നേറുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ വില. ഇന്നലെ രാവിലേയും പുതിയ റെക്കോര്‍ഡിട്ടിരുന്നു. 22 കാരറ്റ് സ്വര്‍ണം കേരളത്തില്‍ ഇന്നലെ രാവിലെ ഒരു ഗ്രാമിന് കൂടിയത് 130 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നലെ 10845 രൂപയില്‍ എത്തി. തൊട്ടുമുന്‍പത്തെ ദജിവസം 10715 രൂപയായിരുന്നു ഗ്രാമിന്റെ വില. പവന് 86.760 രൂപയുമായി. പിന്നീട് ഉച്ചക്ക് ശേഷം ഇടിഞ്ഞിരുന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി. ഇവിടെ നിന്നാണ് ഇന്ന് പവന് 87,000ത്തില്‍ എത്തിയിരിക്കുന്നത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഈ ആഴ്ച തന്നെ പവന്‍ സ്വര്‍ണത്തിന് 90000 രൂപ മറികടക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ മാസം മാസം ആദ്യത്തില്‍ 77,640 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റില്‍ മാത്രം 9,120 രൂപയുടെ വര്‍ധനയാണ് പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വില അറിയാം
ഇന്ന് 22 കാരറ്റ് ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ്. പവന് 87000 രൂപ.
24 കാരറ്റ്
ഗ്രാമിന് 120 രൂപ കൂടി 11,864
പവന് 960 രൂപ കൂടി 94,912
22 കാരറ്റ്
ഗ്രാമിന് 110 രൂപ കൂടി 10,875
പവന് 880 രൂപ കൂടി 87,000
18 കാരറ്റ്
ഗ്രാമിന് 90 രൂപ കൂടി 8,898
പവന് 720 രൂപ കൂടി 71,184
അതിനിടെ ,ധനബില്‍ കഴിഞ്ഞ ദിവസവും പാസാക്കാനാവാഞ്ഞത് യു.എസിലെ ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞ ദിവസവും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബില്‍ പാസാകണമെങ്കില്‍ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍, രണ്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ബൈഡന്‍ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നത്.
ആഭരണപ്രേമികള്‍ പെടും
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരാണ് പെടുന്നത്. കാരണം ആഭരണം വാങ്ങുന്നവര്‍ക്ക് വിപണി വില മതിയാവില്ല. സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര. ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, ജി.എസ്.ടി പണിക്കൂലി എന്നിവ കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന് കൊടുക്കണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസവും വരും. 3% മുതല്‍ 5% വരെയാണ് സാധാരണയായി പണിക്കൂലിയായി ഈടാക്കുക. ഇത് പ്രകാരം ഇന്നത്തെ വിലക്ക് ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ഏകദേശം 95000-96000 രൂപയെങ്കിലും വരുമെന്ന് വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."