പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകനെ മർദ്ദിക്കാൻ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ എറ്റെടുത്ത് ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി ഫൈസൽ (35) ആണ് പിടിയിലായത്. വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വടക്കേക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പെൺസുഹൃത്തിന്റെ നിർദേശപ്രകാരമാണ് സഹപ്രവർത്തകനെ മർദ്ദിക്കാൻ ഫൈസൽ ക്വട്ടേഷൻ നൽകിയത്. വ്യക്തിപരമായ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലിസ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെൺസുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിലെ വിവരം ചോർന്നു; കോഴിക്കോട് പിടിയിൽ
ആക്രമണത്തിന് ശേഷം പ്രതി കോഴിക്കോട് തിരുവമ്പാടിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലിസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിലയക്കുമെന്ന് പൊലിസ് അറിയിച്ചു.സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ, രാജൻ, സിവിൽ പൊലിസ് ഓഫീസർമാരായ റോഷൻ, ഡിക്സൺ, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."