ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപെട്ട പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി കേരള നിയമസഭ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ചു. ദേവസ്വം മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി. ഇതിന് പിന്നാലെയാണ് സഭ നിർത്തിവെച്ചതായി സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചത്.
ചോദ്യോത്തര വേള റദ്ദ് ചെയ്യുന്നതായി സ്പീക്കർ അറിയിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നതിൽ ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വിമർശിച്ചില്ല. എന്നാൽ, കോടതിയെയും ജനങ്ങളെയും പ്രതിപക്ഷത്തിന് ഭയമാണെന്ന് പറഞ്ഞ് മന്ത്രി എം.ബി രാജേഷ് രംഗത്ത് വന്നു, ഇന്നലെയും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാനടപടികൾ നിർത്തിവെച്ചിരുന്നു.
സ്വർണ്ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സഭയിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു. ദേവസ്വം മന്ത്രി വി.എൻ വാസവന്റെ രാജി ആവശ്യം അംഗീകരിക്കാതെ സഭ നടപടികളിൽ സഹകരിക്കില്ല. ചർച്ചയല്ല വേണ്ടത് രാജിയാണ് വേണ്ടതെന്നും പ്രതിപക്ഷം വ്യതമാക്കി. ശബരിമലയിലെ ശിൽപം വിൽപന നടത്തി എന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
അതേസമയം, ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഉന്നതതല അന്വേഷണം (എസ്.ഐ.ടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അസിസ്റ്റന്റ് ഡയരക്ടർ (അഡ്മിനിസ്‌ട്രേഷൻ) ശശിധരൻ എസ് നേതൃത്വം നൽകണം. വിവിധ പൊലിസ് സ്റ്റേഷനുകളിൽനിന്ന് ഇൻസ്‌പെക്ടർമാരും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ പൊലിസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് സഹായം നൽകണമെന്നും കോടതി നിർദേശിച്ചു.
വിഷയം ഗൗരവമുള്ളതായതിനാൽ പൊലിസ് എല്ലാ വശങ്ങളും പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിജിലൻസിന്റെ ഇടക്കാല അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഓഫിസർ കോടതിയിൽ ഹാജരാക്കി. വിഷയം ഗുരുതരമാണെന്നും ഉണികൃഷ്ണൻ പോറ്റി മാത്രമാണോ ഉൾപ്പെട്ടതെന്നു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ ഗൂഢാലോചന ഉണ്ടോയെന്നു കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിലേക്ക് വിട്ടുനൽകാൻ കഴിയുമോ എന്നു വെള്ളിയാഴ്ചയ്ക്കകം സർക്കാർ കോടതിയെ അറിയിക്കണം.
സ്വർണം പൂശുന്ന ജോലി ഏറ്റെടുത്ത ഉണ്ണികൃഷ്ണൻ പോറ്റി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം തന്റെ കൈവശം സ്വർണം ബാക്കിയുണ്ടെന്ന് കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് ഇമെയിൽ അയച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു.
പരിചയമുള്ളതോ ബന്ധമുള്ളതോ ആയ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സ്വർണം ഉപയോഗിക്കാൻ കഴിയുമോ എന്ന് പോറ്റി ചോദിച്ചതായും വിജിലൻസ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി പ്രത്യേകമായി വിഷയം അന്വേഷിക്കാൻ നിർദേശിച്ചത്. ദ്വാരപാലക വിഗ്രഹങ്ങളും 2019ൽ എടുത്ത ഫോട്ടോഗ്രാഫുകളും താരതമ്യം ചെയ്യുന്നതിനായി സ്‌ട്രോങ് റൂം തുറക്കാനും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി വിജിലൻസ് ഉദ്യോഗസ്ഥന് അനുമതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."