കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും
കൊച്ചി: കൊച്ചിയുടെ വാട്ടർ ടൂറിസത്തിന് പുത്തനുണർവ് നൽകിയ കൊച്ചി വാട്ടർ മെട്രോയുടെ രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും. മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലുകളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച (ഒക്ടോബർ 9) നടക്കുക. രാവിലെ 11 മണിക്ക് മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും.
രണ്ട് പുതിയ ടെർമിനലുകൾ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. അതത് പ്രദേശങ്ങളുടെ ചരിത്രപരമായ പൈതൃകത്തിന് വലിയ പ്രാധാന്യം നൽകിയാണ് ടെർമിനലുകൾ നിർമിച്ചിട്ടുള്ളത്. പൂർണമായും വെള്ളത്തിലാണ് ടെർമിനലുകൾ പണിതുയർത്തിയത്.
ഏറെ പൈതൃക പ്രദേശങ്ങൾ ഉള്ള ഇടങ്ങളാണ് രണ്ട് സ്ഥലനങ്ങളുമെന്നതിനാൽ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം നടത്തിയത്. പൈതൃക സമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് പൂർണമായും വെള്ളത്തിൽ ടെർമിനൽ നിർമിച്ചത്. നിർമ്മാണ വേളയിൽ വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്താനും കൊച്ചി വാട്ടർ മെട്രോ അധികൃതർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
ഡച്ച് പാലസിൻ്റെ തൊട്ടടുത്തായാണ് മട്ടാഞ്ചേരി ടെർമിനൽ സ്ഥിതി ചെയ്യുന്നത്. 8000 ചതുരശ്രയടി വിസ്തീർണ്ണമാണ് ഈ ടെർമിനലിനുള്ളത്. വലിപ്പത്തിൽ ചെറുതെങ്കിലും മനോഹരമായാണ് വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനൽ പണിതിട്ടുള്ളത്. 000 ചതുരശ്രയടി വിസ്തീർണ്ണമാണ് വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലിന് ഉള്ളത്. പുതിയ ടെർമിനലുകൾ കൂടി എത്തുന്നത് ഈ മേഖലയിലെ ബിസിനസ്, ടൂറിസം വികസനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് തുടങ്ങിയവർ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."