ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ
ന്യൂഡൽഹി:ഡൽഹിയിലെ മദൻഗിർ പ്രദേശത്ത് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ശരീരത്തിൽ ഭാര്യ തിളച്ച എണ്ണ ഒഴിച്ച് മുളകുപൊടി വിതറി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ദിനേശിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.യുവാവ് ഫാർമസ്യൂട്ടിക്കൽ ജീവനക്കാരനാണ്. സംഭവം നടന്നത് പുലർച്ചെ മൂന്ന് മണിയോടെയാണ്.
ദിനേശിന്റെ പരാതിയിൽ പറയുന്നത്, താൻ ഭാര്യയോടും എട്ടുവയസ്സുള്ള മകൾക്കൊപ്പവും വീട്ടിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ ശരീരത്തിൽ കനത്ത പൊള്ളലും വേദനയും അനുഭവപ്പെട്ടു. "നോക്കിയപ്പോൾ ഭാര്യ എഴുന്നേറ്റ് നിന്ന് എന്റെ മുഖത്തും ശരീരത്തിലും തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, അവൾ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറി," ദിനേശ് പൊലിസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുടർന്ന് താൻ നിലവിളിച്ചപ്പോൾ, "നീ ബഹളം വെച്ചാൽ ഇനിയും തിളച്ച എണ്ണ ഒഴിക്കും" എന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തി.
ദിനേശിന്റെ വേദനയിലുള്ള നിലവിളി കേട്ട് അയൽവാസികളും താഴത്തെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥന്റെ കുടുംബവും ഓടിയെത്തിയപ്പോൾ കാണുന്നത് ദിനേശ് വേദനയോടെ പുളയുന്നതും ഭാര്യ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നതുമാണ് കണ്ടതെന്ന്," വീട്ടുടമസ്ഥന്റെ മകൾ അഞ്ജലി പറഞ്ഞു.
വീട്ടുടമസ്ഥൻ ഇടപെട്ടപ്പോൾ, ദിനേശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഭാര്യ അവകാശപ്പെട്ടെങ്കിലും, അവർക്ക് സംശയം തോന്നി. "അവർ ദിനേശിനെയും കൊണ്ട് പുറത്തിറങ്ങിയപ്പോൾ, എന്റെ അച്ഛൻ അവളെ തടഞ്ഞു. തുടർന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് ദിനേശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി," അഞ്ജലി കൂട്ടിച്ചേർത്തു.
നെഞ്ച്, മുഖം, കൈകൾ എന്നിവിടങ്ങളിൽ ആഴത്തിൽ പൊള്ളലേറ്റതിനെ തുടർന്ന് ഡോക്ടർമാർ ദിനേശിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷം മുമ്പ് വിവാഹിതരായ ദിനേശും ഭാര്യയും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അവൻ വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് ഭാര്യ ക്രൈം എഗെയ്ൻസ്റ്റ് വിമൻ (സിഎഡബ്ല്യു) സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും, ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു.
ദിനേശിന്റെ ഭാര്യയ്ക്കെതിരെ ബിഎൻഎസ് വകുപ്പുകളായ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മനഃപൂർവം പരിക്കേൽപ്പിക്കൽ), 124 (ആസിഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ), 326 (പൊള്ളൽ, തീ, അല്ലെങ്കിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടം വരുത്തൽ) എന്നി വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."