പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ പേരിൽ സഹപാഠിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
കോതമംഗലം: വാരപ്പെട്ടിയിൽ പ്ലസ് ടു വിദ്യാർഥിനിക്ക് മെസേജ് അയച്ചതിന്റെ വിരോധത്തിൽ സഹപാഠിയായ വിദ്യാർഥിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാല് പേരെ കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. പായിപ്ര മൈക്രോപ്പടി ദേവികവിലാസം സ്വദേശി അജിലാൽ (47), ചെറുവട്ടൂർ കാനാപറമ്പിൽ കെ.എസ്. അൽഷിഫ് (22), മുളവൂർ കുപ്പ സ്വദേശി അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് സ്വദേശി അഭിറാം (22) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
പെൺകുട്ടിയാണെന്ന വ്യാജേന മൊബൈൽ ഫോണിൽ സന്ദേശം അയച്ച് വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി. തുടർന്ന് വിദ്യാർത്ഥിയെ ഇവർ കാറിൽ കയറ്റി കുറ്റിലഞ്ഞിയിലെ ഒരു വർക്ഷോപ്പ് കെട്ടിടത്തിലേക്ക് കൊണ്ടുപോയി അതിക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തും വയറ്റിലും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി നിലവിൽ കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിദ്യാർഥിയും പെൺകുട്ടിയും തമ്മിലുള്ള സൗഹൃദമാണ് മർദനത്തിന് കാരണമായി പൊലിസ് കണ്ടെത്തിയത്. മർദനത്തിൽ അവശനായ വിദ്യാർഥിയെ അർധരാത്രി വീടിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. വീട്ടുകാർ വിദ്യാർഥിയെ ഉടൻ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ തട്ടിക്കൊണ്ടുപോകലിനും കൊലപാതകശ്രമത്തിനും കേസെടുക്കുമെന്ന് കോതമംഗലം എസ്എച്ച്ഒ പി.ടി. ബിജോയ് അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."