അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്
ന്യൂഡൽഹി: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരമായി മാറി. ബ്ലൂംബർഗ് ബില്ല്യണയർ ഇൻഡക്സ് പ്രകാരം 1.4 ബില്ല്യൺ ഡോളർ (ഏകദേശം 11,700 കോടി രൂപ) ആണ് റൊണാൾഡോയുടെ ആസ്തി. സഊദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസറുമായുള്ള പുതിയ കരാർ താരത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചു.
ശതകോടീശ്വരന്മാരുടെ പട്ടികയിൽ ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ, ഗോൾഫ് താരം ടൈഗർ വുഡ്സ്, ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിംസ്, ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ തുടങ്ങിയ കായിക താരങ്ങൾ നേരത്തെ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, ഫുട്ബോളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി റൊണാൾഡോ മാറി.
2002 മുതൽ 2023 വരെയുള്ള കരിയറിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ യൂറോപ്യൻ ഭീമന്മാർക്കായി കളിച്ച റൊണാൾഡോ 550 മില്ല്യൺ ഡോളർ (ഏകദേശം 4,600 കോടി രൂപ) സമ്പാദിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023-ൽ സഊദി ക്ലബ്ബായ അൽ-നസറിലേക്ക് ചേക്കേറിയ താരം, ക്ലബ്ബുകളിൽ നിന്നുള്ള വരുമാനത്തിന് പുറമേ വിവിധ ബ്രാൻഡുകളുടെ പരസ്യ കരാറുകളിൽ നിന്നും വൻ തുകകൾ നേടി. പ്രശസ്ത ബ്രാൻഡായ നൈക്കുമായുള്ള കരാർ വഴി പ്രതിവർഷം 18 മില്ല്യൺ ഡോളറും മറ്റു പരസ്യങ്ങളിൽ നിന്ന് 175 മില്ല്യൺ ഡോളറും റൊണാൾഡോയ്ക്ക് ലഭിച്ചു.
അൽ-നസറുമായുള്ള പുതിയ കരാർ പ്രകാരം, റൊണാൾഡോയ്ക്ക് പ്രതിവർഷം 178 മില്ല്യൺ പൗണ്ട് (ഏകദേശം 2,000 കോടി രൂപ) ലഭിക്കും. ക്ലബ്ബിൽ 15% ഓഹരിയും താരത്തിനുണ്ട്, ഇതിന്റെ മൂല്യം 33 മില്ല്യൺ പൗണ്ടാണ്. ആദ്യ വർഷം 24.5 മില്ല്യൺ പൗണ്ടും രണ്ടാം വർഷം 38 മില്ല്യൺ പൗണ്ടും സൈനിങ് ബോണസായി ലഭിക്കും.
അഞ്ച് തവണ ബലോൺ ഡി’ഓർ പുരസ്കാരം നേടിയ റൊണാൾഡോ, 2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് സഊദി പ്രോ ലീഗിലേക്ക് ചുവടുവെച്ചത്. ലോകത്തെ ഞെട്ടിച്ച വമ്പൻ പ്രതിഫലത്തിലായിരുന്നു ഈ കൂടുമാറ്റം. റൊണാൾഡോയുടെ പാത പിന്തുടർന്ന് നെയ്മർ, കരീം ബെൻസെമ തുടങ്ങിയ മുൻനിര താരങ്ങളും സഊദി പ്രോ ലീഗിൽ കളിക്കാൻ എത്തി.
ഫോബ്സ് മാസികയുടെ പട്ടിക പ്രകാരം, തുടർച്ചയായ മൂന്നാം തവണയും ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരമായി റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം 275 മില്ല്യൺ ഡോളർ (ഏകദേശം 2,356 കോടി രൂപ) സമ്പാദിച്ച് ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജെയിമ്സിനെയും മറികടന്നാണ് ഈ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."