നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദ്ദിച്ചു; മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍, എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചതോടെ, ഡയസിന് മുന്നില്‍ വിന്യസിച്ചിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഇത് തടഞ്ഞു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.സംഘര്‍ഷത്തില്‍ ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേല്‍ക്കുകയായിരുന്നു.
വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായിപ്രതിപക്ഷ എം.എല്‍.എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു. സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണവുമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു.
അതേസമയം, സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരിട്ട് വാക്കുതര്‍ക്കമുണ്ടായി. മന്ത്രിമാര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞപ്പോള്‍ സ്പീക്കര്‍ക്ക് കുഴപ്പമില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
'അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ'യെന്ന് എഴുതിയ ബാനര്‍ സഭയില്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. ബാനര്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ കര്‍ശന നിര്‍ദേശം നല്‍കിയത് തര്‍ക്കത്തിലേക്ക് നീങ്ങി.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം സഭ വീണ്ടും തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷനേതാവ് സഭയില്‍ അറിയിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുമായി സഭയ്ക്ക് പുറത്തേക്ക് പ്രതിഷേധവുമായി എത്തി.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ ഗുണ്ടായിസമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരില്‍ ഉന്നയിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം അസുര ജന്മം ആണെന്ന് എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.
English Summary: The Kerala Legislative Assembly has suspended three opposition MLAs—Roji M. John, M. Vincent, and Saneesh Kumar Joseph—in connection with an incident involving the alleged assault of Watch and Ward staff inside the Assembly premises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."