മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു
ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്‌ച രാവിലെ 5:30 നാണ് ഉത്തർപ്രദേശ് പൊലിസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി ഷഹസാദിന് വെടിയേറ്റത്. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്.
പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലിസ് ആരംഭിച്ചത്. ഷഹ്സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പൊലിസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് പൊലിസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്സാദ് ഒരു "ഹാബിച്വൽ ഒഫെൻഡർ" ആണെന്ന് പൊലിസ് വ്യക്തമാക്കുന്നു. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പൊലിസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്നാവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായ ഒരു വ്യക്തി പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഞായറാഴ്ച്‌ച രാത്രി അതിജീവിതയായ ഏഴ് വയസ്സുകാരിയുടെ വീട്ടിലെത്തിയ ഷഹ്സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പൊലിസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. പൊലിസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷഹ്സാദ്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പൊലിസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."