ദേഷ്യം റോഡില്‍ തീര്‍ത്താല്‍ നഷ്ടങ്ങള്‍ ചെറുതല്ല; വാഹനത്തിന്റെ ഓരോ ഭാഗവുമറിയും നിങ്ങളുടെ മനോനില
വാഹനമോടിക്കുന്നത് കേവലം യാന്ത്രികമായ പ്രവൃത്തിയല്ല. മനസ്സിനും ഏഗാഗ്രത വേണം വാഹനമോടിക്കുമ്പോള്‍. നിങ്ങള്‍ക്കറിയാമോ ദേഷ്യത്തോടെ വണ്ടി ഓടിക്കുന്നവര്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.ഇത്തരക്കാരുടെ ഇന്ധനക്ഷമത വളരെ കുറവായിരിക്കും. വേഗത്തില്‍ ടയറുകള്‍ മാറ്റേണ്ടി വരും. ക്ലച്ച് ഡിസ്‌ക്, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനര്‍ എന്നിവയ്ക്ക് നിര്‍മ്മാതാക്കള്‍ പറയുന്ന ദൈര്‍ഘ്യം കിട്ടാതെ വരും. സ്വന്തം വാഹനത്തിന്റെ ബമ്പറുകളും മറ്റുള്ളവരുടെ ബമ്പറുകളും മാറ്റിക്കൊടു ക്കേണ്ടി വരും ദേഷ്യക്കാര്‍.
ദേഷ്യം ഡ്രൈവിംഗിനെ വളരെ അപകടകരമായ രീതിയില്‍ ബാധിക്കുക വഴി സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് ശീലങ്ങള്‍ , റോഡ് റേജ്, അപകടങ്ങള്‍, എന്നിവയിലേക്ക് നയിക്കുന്നു.ദേഷ്യത്തോടെ വാഹനമോടിക്കുന്നത് ശ്രദ്ധയെയും വിവേകത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ ഡ്രൈവറുടെ മാത്രമല്ല, റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു. ദേഷ്യക്കാരായ ഡ്രൈവര്‍മാരുടെ അശ്രദ്ധവും ചടുലവുമായ നീക്കങ്ങള്‍, മറ്റ് വാഹനങ്ങളെ മനഃപൂര്‍വം ഉരസല്‍, അശ്രദ്ധമായി പാത മാറല്‍, പെട്ടെന്ന് ബ്രേക്ക് ചെയ്യല്‍ തുടങ്ങിയ അപകടകരമായ ഡ്രൈവിംഗ് രീതികള്‍ അപകടങ്ങള്‍ ഉണ്ടാക്കും.
ഡ്രൈവര്‍മാരോടുള്ള ദേഷ്യം അക്രമ സ്വഭാവമുള്ള പെരുമാറ്റത്തിലേക്ക് നയിക്കും. ദേഷ്യം വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് കുറയ്ക്കുകയും റോഡിലെ സാഹചര്യങ്ങളെക്കുറിച്ച് പെട്ടെന്നും വിവേകമില്ലാതെ തീരുമാനമെടുത്ത് അപകടങ്ങള്‍ ഉണ്ടാക്കും. മനസ്സില്‍ നിറയുന്ന ദേഷ്യം മൂലും റോഡിലെ മറ്റ് അപകടസാധ്യതകളെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. ദേഷ്യത്തിലുള്ളവര്‍ പലപ്പോഴും വേഗത്തില്‍ വാഹനമോടിക്കാന്‍ ശ്രമിക്കാറുണ്ട്, ഇത് അവര്‍ക്ക് മറ്റ് വാഹനങ്ങളെ മറികടക്കാന്‍ കൂടുതല്‍ എളുപ്പമാണെന്ന് തോന്നിപ്പിക്കുകയും. അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഡ്രൈവര്‍മാരുടെ ചെറിയ പിഴവുകളോടുള്ള ദേഷ്യം പലപ്പോഴും അതിരുകടന്ന പ്രതികരണങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഡ്രൈവിംഗിനിടെ ദേഷ്യം തോന്നുന്നുണ്ടെങ്കില്‍, വാഹനം സുരക്ഷിതമായ ഒരിടത്ത് നിര്‍ത്തി ദീര്‍ഘ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കുക. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. സ്വയം നിയന്ത്രിക്കാനും പ്രതിരോധപരമായ ഡ്രൈവിംഗ് ശീലങ്ങള്‍ പിന്തുടരാനും പരിശീലിക്കുക. സമയം ലാഭിക്കാന്‍ വേണ്ടി തിടുക്കം കൂട്ടുന്നതിനു പകരം, ശാന്തമായി വാഹനമോടിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം മറ്റൊരാളെ അപകടത്തിലാക്കും എന്ന് മനസ്സിലാക്കുക. കടുത്ത ദേഷ്യം ഉള്ളപ്പോള്‍ ഡ്രൈവിംഗില്‍ നിന്ന് പിന്തിരിയുക. സുരക്ഷിതമായ ഡ്രൈവിംഗിന് മനസ്സിന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."