ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി
ഒട്ടാവ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വീകരിച്ച നിലപാട് താനും പാലിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്ത് എവിടെ കാലുകുത്തിയാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ട്രൂഡോയുടെ വാക്ക് പാലിക്കുമെന്നതിൽ കനേഡിയൻ ജനതക്ക് സംശയം വേണ്ടെന്നും ട്രൂഡോയുടെ പിൻഗാമി കൂടിയായ കാർണി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കാനഡയിൽ നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് താൻ പിന്നോട്ട് പോകില്ലെന്ന് മാർക്ക് കാർണി അറിയിച്ചു. നെതന്യാഹു കാനഡയിലേക്ക് പ്രവേശിക്കുകയാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും കാർണി കൂട്ടിച്ചേർത്തു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ കാര്യത്തിൽ തൻ്റെയും ട്രൂഡോയുടെയും നിലപാട് ഒന്നുതന്നെയാണെന്ന് കാർണി വ്യക്തമാക്കിയത്.
ഐ സി സി വാറന്റ് കർശനമായി നടപ്പാക്കും
നെതന്യാഹുവിനെതിരായ ഐ സി സി വാറന്റ് കർശനമായി നടപ്പാക്കുമെന്ന ട്രൂഡോയുടെ പ്രതിജ്ഞയെ പിന്തുടരുമോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു കാർണിയുടെ മറുപടി. അക്കാര്യത്തിൽ കനേഡിയൻ ജനതക്ക് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലാണ് നെതന്യാഹുവിനെതിരെ ഐ സി സി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്റാഈൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗസ്സയിലെ സംഘർഷത്തിൽ കൂട്ടക്കൊല, ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലൽ, ആശുപത്രികൾ തകർക്കൽ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു ഐ സി സിയുടെ നടപടി. ഈ വാറന്റുകൾ അനുസരിച്ച് 124 രാജ്യങ്ങൾക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള ബാധ്യതയുണ്ട്. കാനഡയടക്കമുള്ള രാജ്യങ്ങൾ ഐ സി സി വാറണ്ട് നടപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കാർണിയുടെ പ്രഖ്യാപനം ചർച്ചയാകുന്നു
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന കാർണിയുടെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. നെതന്യാഹുവിന്റെ സന്ദർശനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഈ തീരുമാനം, അന്താരാഷ്ട്ര നിയമപാലനത്തോടുള്ള കാനഡയുടെ പ്രതിബദ്ധതയെയാണ് ഊന്നിപ്പറയുന്നത്. ഗസ്സ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ സി സിയുടെ നടപടികൾക്ക് കാനഡ പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി ഇത് വിലയിരുത്തപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."