പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്
കിര്‍യാത് /ഗസ്സ: ഗസ്സ പുനർനിര്‍മാണത്തിന് അമേരിക്കന്‍ സൈന്യം ഗസ്സയിലിറങ്ങില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് നേരത്തെയും യു.എസ് ആവര്‍ത്തിച്ചിരുന്നു. സഖ്യകക്ഷികളുടെയും മറ്റും സഹായത്തോടെ ഗസ്സ പുനര്‍നിര്‍മിക്കുമെന്നും യു.എസ് മേല്‍നോട്ടം വഹിക്കുമെന്നും ഇസ്‌റാഈല്‍ സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു.
ചില ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയില്ലെന്ന ഹമാസിന്റെ പ്രസ്താവനയെ വാന്‍സും അംഗീകരിച്ചു. ആയിരക്കണക്കിന് പൗണ്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലാണ് പല മൃതദേഹങ്ങളും. ഇതില്‍ ബന്ദികളും ഉണ്ട്. അവരെവിടെയെന്ന് ആര്‍ക്കും അറിയില്ല. മൃതദേഹങ്ങള്‍ തിരികെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും കാത്തിരിക്കാമെന്നും വാന്‍സ് പറഞ്ഞു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതിന് സമയമെടുക്കും. ഇതിന് സമയപരിധി നല്‍കിയിട്ടില്ലെന്നും വാന്‍സ് പറഞ്ഞു. ട്രംപും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഗസ്സയില്‍ എങ്ങനെ ഭരണം മുന്നോട്ടുപോകുമെന്ന ചോദ്യത്തിന് എനിക്ക് ആ ചോദ്യത്തിന് ഉത്തരം അറിയില്ലെന്നായിരുന്നു വാന്‍സിന്റെ മറുപടി.
വഴക്കമുള്ള ഒരു സര്‍ക്കാരിനെ രൂപപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഗസ്സക്കാരുടെയും ഇസ്‌റാഈലുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറും വൈസ് പ്രസിഡന്റിനൊപ്പം ഇസ്‌റാഈലിലെത്തിയിട്ടുണ്ട്.
ഗസ്സ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ട്രംപിന്റെ മരുമകന്‍ കുഷ്‌നര്‍ പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഗസ്സയിലെ പുനര്‍നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 13 പേരുടെ മൃതദേഹങ്ങള്‍ എത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ 10 നാണ് ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണത്തെ ഖത്തര്‍ അമീര്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."