തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശത്തിന്റെ ആരവം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മധ്യ-തെക്കൻ ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളിൽ പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ജില്ലാ-നഗര കേന്ദ്രങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രണ്ടാഴ്ച നീണ്ട കടുത്ത പ്രചാരണ കാലയളവിൽ പോലും പ്രാദേശിക വികസന വിഷയങ്ങൾ ചർച്ചയിൽ ഇടംനേടിയില്ല എന്നതാണ് ശ്രദ്ധേയം. തെരുവുനായ ആക്രമണം, മാലിന്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ മുന്നണികളുടെ പ്രകടനപത്രികകളിൽ ഒതുങ്ങി. പകരം, സജീവമായി ഉയർന്നത് രാഷ്ട്രീയ വിവാദങ്ങൾ മാത്രമാണ്.
ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗക്കേസും പി.എം ശ്രീ പദ്ധതിയുമൊക്കെ ആദ്യം മുതൽ പ്രചാരണവിഷയമായി. ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെട്ടതും കോടതികളുടെ പരാമർശങ്ങളുമൊക്കെ യു.ഡി.എഫ് എൽ.ഡി.എഫിനെതിരേയുള്ള ആയുധമാക്കി. പ്രചാരണരംഗത്തിറങ്ങി ഇമേജ് തിരിച്ചുപിടിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ശ്രമമാണ് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായത്.
യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖംരക്ഷിക്കാൻ നേതൃത്വം നടത്തിയ ശ്രമം രാഹുലിൻ്റെ ഒളിച്ചോട്ടത്തോടെ ഇടതുമുന്നണിക്ക് കിട്ടിയ മറ്റൊരു പ്രചാരണായുധവുമായി.
പി.എം ശ്രീയിൽ ജോൺബ്രിട്ടാസ് എം.പി നടത്തിയ ഇടപെടലും പ്രചാരണരംഗത്ത് ഇടംനേടി. അവസാനദിവസങ്ങളിൽകിഫ്ബിയിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് നൽകിയതും പ്രചാരണത്തിൻ്റെ ഗതിമാറ്റി. വിദ്വേഷ പ്രചാരണം രൂക്ഷമായപ്പോൾ രാഹുൽ ഈശ്വരിനെ പോലുള്ളവർക്ക് നിയമനടപടി നേരിടേണ്ടിയും വന്നു. 11-നാണ് തൃശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്.
the climax of the local election campaign intensifies excitement across seven districts, highlighting political momentum, voter movements, and the overall election-day atmosphere.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."