ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കോട്ടയം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കോട്ടയം മീനച്ചിലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അയൽവാസിയായ വള്ളിച്ചിറ സ്വദേശി ടി.ജി. സജിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക പൂർണ്ണമായും പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ
മംഗളൂരു: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചിക്കമഗളൂരു സ്വദേശിയായ നിരീക്ഷ എന്ന യുവതിയെ മംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു. കദ്രി പൊലിസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് ഒക്ടോബർ 19 ഞായറാഴ്ചയാണ് മംഗളൂരുവിലെ കങ്കനാടിയിലെ വാടക വീട്ടിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
യുവതികൾ കാമുകന്മാരുമായി ഇടപഴകുന്ന സ്വകാര്യ വീഡിയോകൾ രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.
ഉഡുപ്പി-കർക്കള നിട്ടെ സ്വദേശിയായ അഭിഷേക് ആചാര്യയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് ആരോപണങ്ങളിൽ നിരീക്ഷയുടെ പേര് നേരത്തെ ഉയർന്നു വന്നിരുന്നു. ബെൽമാനിൽ അടുത്തിടെ ആത്മഹത്യ ചെയ്ത അഭിഷേക് ആചാര്യയുടെ മരണക്കുറിപ്പിൽ നിരീക്ഷയെയും മറ്റ് ചിലരെയും കുറിച്ച് പരാമർശിച്ചിരുന്നതായും പീഡനം ആരോപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ വെളിപ്പെടുത്തലുകളെ തുടർന്ന് സോഷ്യൽ മീഡിയയിൽ യുവതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബ്ലാക്ക്‌മെയിലിംഗ്, ഹണി ട്രാപ്പ് കേസുകളിൽ യുവതിയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."