ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക
കോഴിക്കോട്: ഹിജാബ് പോലുള്ള വിഷയങ്ങൾ സ്‌കൂൾ ഓഫിസിലിരുന്നു സംസാരിച്ചു തീർക്കേണ്ടതായിരുന്നെന്നു സിറോ മലബാർ സഭ. വിവിധ മതസംസ്‌കാരങ്ങൾ സഹവസിക്കുന്ന നാട്ടിൽ ഇത്തരം അഭിപ്രായഭേദങ്ങൾക്കു സാധ്യതകൾ എപ്പോഴുമുണ്ടെന്നും അവ പരിഹരിക്കേണ്ടത് സാമാന്യമര്യാദയും സാമാന്യനീതിയും അനുസരിച്ചാണെന്നും സഭയുടെ മുഖമാസികയായ സത്യദീപം വ്യക്തമാക്കി.
ഫാ.മാർട്ടിൻ എടയന്ത്രത്ത് ചീഫ് എഡിറ്ററും മാനേജിങ് ഡയരക്ടറുമായ മാസികയുടെ പുതിയ ലക്കത്തിലാണ് മുഖപ്രസംഗം.
കേരളത്തിൽ കത്തോലിക്കാ സഭ നടത്തുന്ന ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിദ്യാർഥിനികൾക്കു ശിരോവസ്ത്രം അനുവദനീയമാണ്. പള്ളുരുത്തിയിലെ വിദ്യാർഥിനി പ്രവേശനം നേടിയത് അപ്രകാരം സിസ്റ്റേഴ്‌സ് തന്നെ നടത്തുന്ന ഒരു സ്‌കൂളിലാണ് എന്നോർക്കണമെന്നും മുഖപ്രസംഗം ചൂണ്ടാക്കാട്ടുന്നു.
മതധ്രുവീകരണം തടയാൻ മതാധികാരികൾ ശ്രദ്ധിക്കണം. ഭരണകൂടങ്ങൾക്ക് ഒളിക്കാൻ ഒരുപാടുണ്ടാകുമ്പോൾ വിവാദങ്ങൾ ഒഴിയാതിരിക്കുമെന്നും മുഖപ്രസംഗം പറയുന്നു. പള്ളുരുത്തി സ്‌കൂളിലെ യൂനിഫോം വിവാദത്തെ എങ്ങനെ വോട്ടാക്കാം എന്നാണ് രാഷ്ട്രീയക്കാരും മതസംഘടനകളും ആരായുന്നത്.
സമൂഹം വിഭജിക്കപ്പെടുന്നതിലോ സമുദായങ്ങൾ ധ്രുവീകരിക്കപ്പെടുന്നതിലോ തെല്ലുമില്ല അവർക്കാർക്കും ഖേദം. തീവ്രസ്വഭാവമുള്ള മതാനുയായികളോ മതം തിന്നു ജീവിക്കുന്ന രാഷ്ട്രീയക്കാരോ ഇത്തരം വിഷയത്തിൽ ഇടനിലക്കാരാകുമ്പോൾ പൊതുസമൂഹം ചിതറും. അത് സംഭവിക്കാതിരിക്കാൻ മതാധികാരികളുടെ ശ്രദ്ധ ആവശ്യമാണ്. പള്ളുരുത്തിയിൽ സിസ്റ്റേഴ്‌സിന് ഉപദേശനിർദേശങ്ങൾ യഥാസമയം സഭാനേതൃത്വം നൽകിയോ എന്നത് ആത്മപരിശോധന അർഹിക്കുന്ന വിഷയമാണ്. മതപരമായ മാനങ്ങളുമായി വളർന്നുപോകാനിടയുള്ള വിഷയത്തിൽ സഭാസംവിധാനങ്ങൾ വേഗം ഇടപ്പെട്ടു പരിഹരിക്കേണ്ടതായിരുന്നെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
Syro Malabar Church magazine urges self-criticism over the slow handling of the hijab row.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."