സ്വകാര്യ ചിത്രങ്ങൾ പകർത്തി: മുൻ കാമുകന്റെ സഹായത്തോടെ കാമുകനെ കൊലപ്പെടുത്തി യുവതി; പ്രചോദനമായത് ക്രൈം വെബ് സീരീസുകൾ
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ഗാന്ധി വിഹാറിൽ ഒരുമാസം മുമ്പ് കത്തിനശിച്ച ഫ്ലാറ്റിൽ കണ്ടെത്തിയ യുപിഎസ്‌സി ഉദ്യോഗാർത്ഥിയുടെ മരണം വെറുമൊരു അപകടമായിരുന്നില്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നെന്നും പൊലിസ് കണ്ടെത്തൽ.
കൊല്ലപ്പെട്ട രാംകേഷ് മീണ (32) എന്ന യുവാവിന്റെ ലിവ്-ഇൻ പങ്കാളിയായ അമൃത ചൗഹാൻ (21) ആണ് മുഖ്യപ്രതി. യുവതിയുടെ സ്വകാര്യ വീഡിയോകൾ രാകേഷ് റെക്കോർഡ് ചെയ്തിരുന്നു. ഇത് ഡിലീറ്റ് ചെയ്യാൻ മീണ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മുൻ കാമുകനും എൽപിജി വിതരണക്കാരനുമായ സുമിത് കശ്യപ് (27), സുഹൃത്ത് സന്ദീപ് കുമാർ (29) എന്നിവരുടെ സഹായത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.
ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായ അമൃത മെയ് മാസത്തിലാണ് മീണയ്‌ക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. എന്നാൽ, മീണ രഹസ്യമായി തന്റെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നു എന്ന് യുവതി അടുത്തിടെയാണ് മനസ്സിലാക്കിയത്. ഇത് ഡിലിറ്റ് ചെയ്യാൻ രാകേഷ് വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ദേഷ്യം തോന്നിയ അമൃത, മീണയെ കൊലപ്പെടുത്താൻ മുൻ കാമുകനായ സുമിത്തിനെ സമീപിക്കുകയായിരുന്നു. ഗ്യാസ് ഏജന്റായ സുമിത് പദ്ധതി നടപ്പിലാക്കാൻ സുഹൃത്ത് സന്ദീപിന്റെ സഹായം തേടി. മൂവരും ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ്.
ഒക്ടോബർ 5-6 തീയതികളിലെ രാത്രിയിൽ മൊറാദാബാദിൽ നിന്ന് ഡൽഹിയിലെത്തിയ മൂവർ സംഘം ഗാന്ധി വിഹാറിലെ മീണയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി. തുടർന്ന് അമൃതയും സുമിതും ചേർന്ന് മീണയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് രാകേഷിന്റെ ദേഹത്ത് നെയ്യും എണ്ണയും മദ്യവും ഒഴിച്ചു. എൽപിജി വിതരണത്തിൽ അറിവുള്ള സുമിത്തിന്റെ നിർദ്ദേശപ്രകാരം ഗ്യാസ് സിലിണ്ടറിന്റെ വാൽവ് തുറന്ന്, ചെറിയ ദ്വാരത്തിലൂടെ ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയ ശേഷം ഇവർ രക്ഷപ്പെട്ടു.
മിനിറ്റുകൾക്കുള്ളിൽ ഫ്ലാറ്റിൽ വലിയ സ്ഫോടനം നടന്നു, ഇത് ഒരു എയർ കണ്ടീഷണർ സ്ഫോടനമായി തോന്നിച്ചു. രക്ഷപ്പെടുന്നതിന് മുമ്പ് പ്രതികൾ മീണയുടെ ഹാർഡ് ഡിസ്ക്, ലാപ്ടോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ കൈക്കലാക്കിയിരുന്നു.
സംഭവം നടന്ന ഉടനെ പൊലിസെത്തി ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മീണയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആദ്യം ഷോർട്ട് സർക്യൂട്ടോ എസി സ്ഫോടനമോ സംശയിച്ചെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പൊലിസിൽ സംശയമുണർത്തി. മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും, സ്ഫോടനത്തിന് തൊട്ടുമുമ്പ് സ്ത്രീയും ഒരാളും പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടതാണ് അന്വേഷണത്തിൽ ഏറെ നിർണായകമായത്.
കുറ്റകൃത്യം നടന്ന സമയത്ത് അമൃതയുടെ മൊബൈൽ ലൊക്കേഷൻ സംഭവസ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ക്രിമിനൽ വെബ് സീരീസുകളോടുള്ള അമൃതയുടെ താൽപര്യവും ഫോറൻസിക് പശ്ചാത്തലവും കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചതായി പൊലിസ് പറഞ്ഞു.
a woman allegedly murdered her boyfriend using her ex’s help after secretly taking intimate photos, drawing inspiration from crime web series that glamorised revenge.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."