പി.എം ശ്രീ പദ്ധതി; പിന്മാറ്റം എളുപ്പമല്ല
തിരുവനന്തപുരം: സി.പി.ഐക്ക് ഉറപ്പുനൽകിയെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ പി.എം ശ്രീ പദ്ധതിയിൽ നിന്നും ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ല. സി.പി.എം നൽകിയ ഉറപ്പ് പ്രാവർത്തികമാകാൻ ഏറെ കടമ്പകൾ കടക്കേണ്ടതുമുണ്ട്. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ കരാറിൽ നിന്നും പിന്മാറാൻ കഴിയില്ല. കരാറിൽ നിന്ന് പിന്മാറുന്നതിന് 30 ദിവസത്തെ സമയപരിധി കൂടി വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പിന്മാറ്റം സങ്കീർണമാണ്.
മാത്രമല്ല, കേന്ദ്ര ഫണ്ടും നഷ്ടമാകും. സമഗ്ര ശിക്ഷാ കേരള ഫണ്ടും പി.എം ശ്രീയും ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പി.എം ശ്രീയിൽ നിന്നും പിന്മാറിയാൽ ആ ഫണ്ടും നഷ്ടമാകും. അല്ലെങ്കിൽ സുപ്രിംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് സമ്പാദിക്കേണ്ടി വരും. മന്ത്രിസഭായോഗ തീരുമാനപ്രകാരമല്ല ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന സി.പി.ഐ മന്ത്രിമാരുടെ ആരോപണം നിലനിൽക്കുന്നതിനാൽ ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച സർക്കാർ ഉത്തരവും പുറത്തുവരേണ്ടതുണ്ട്.
എം.എ ബേബിയുടെ ഇടപെടൽ നിർണായകമായി
പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സി.പി.ഐയെ മെരുക്കുന്നതിൽ നിർണായകമായത് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഇടപെടൽ. ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ സി.പി.ഐ ഉയർത്തുന്നത് കാലിക പ്രസക്തിയുള്ള വിഷയമാണെന്ന ബേബിയുടെ നിലപാടാണ് സമവായത്തിന് നിമിത്തമായത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കം ഇത് അംഗീകരിച്ചതോടെ പി.എം ശ്രീയിൽ നിന്നും പിന്മാറാൻ സി.പി.എം തീരുമാനിക്കുകയായിരുന്നു. അതോടെയാണ് ധാരണാപത്രവുമായി മുമ്പോട്ടു പോകുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കാനും ധാരണയായത്. ഇടതു വിരുദ്ധമായ പദ്ധതികളിൽ കേന്ദ്രവുമായി ധാരണയിലെത്തരുതെന്നും ബേബി ആവശ്യപ്പെട്ടു.
തൽക്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശമാണ് ബേബി മുന്നോട്ടുവച്ചത്. മധുര പാർട്ടി കോൺഗ്രസ് തള്ളിപ്പറഞ്ഞ വിഷയത്തിൽ സംസ്ഥാന സർക്കാർ ധാരണാപത്രത്തിലെത്തിയതിലും അദ്ദേഹം വിയോജിപ്പ് അറിയിച്ചു. ഇത് സി.പി.എമ്മിന്റെ നയത്തിന് വിരുദ്ധമാണെന്നും തിരുത്തൽ അനിവാര്യമാണെന്നും അദ്ദഹം പറഞ്ഞു. ഈ വിഷയങ്ങളിലെ ബേബിയുടെ വികാരം സംസ്ഥാന നേതൃത്വം ഉൾക്കൊള്ളുകയായിരുന്നു.
രാവിലെ എ.കെ.ജി സെന്ററിൽ നടന്ന സി.പി.എം സംസ്ഥാന അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗമാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."