പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ
മലപ്പുറം: ഹനീഫ ഇക്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ദിവസമെങ്കിലും കൂടെ നടക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നയെന്ത് ഫ്രണ്ട്ഷിപ്പ്..? പിന്നെ എന്ത് സംഘടന..? സഊദി അറേബ്യയിലെ കമീഷ് മുഷൈത്തിലെ തിരക്കുള്ള ജോലി മാറ്റിവച്ച് രണ്ടാഴ്ചത്തെ അവധിക്ക് മാത്രം നാട്ടിലെത്തിയ ബഷീർ മൂന്നിയൂർ ഇതു പറയുമ്പോൾ വിമാന ടിക്കറ്റിന്റെ പൊള്ളുന്ന വിലയായിരുന്നില്ല, എന്നും പ്രവാസി സംഘടനാ രംഗത്തുണ്ടായിരുന്ന ആത്മ സുഹൃത്ത് ഹനീഫ മൂന്നിയൂരിന്റെ തെരഞ്ഞെടുപ്പ് ചൂട് മാത്രമായിരുന്നു മനസ്സുനിറയെ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാകാൻ കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ്, ക്രസ്മസ്, ന്യൂഇയർ തുടങ്ങിയവ മുൻനിർത്തി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതോടെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്.
മുസ്‌ലിം ലീഗിന്റെ പ്രവാസി ലീഗ്, കോൺഗ്രസിന്റെ പ്രവാസി കോൺഗ്രസ്, സി.പി.എമ്മിന്റെ പ്രാവസി സംഘം തുടങ്ങിയവയിലെ നിരവധി പേരാണ് ഇത്തവണ മത്സരത്തിനുള്ളത്. പ്രവാസി ലീഗിന്റെ 40 ഓളം പേർ ഇത്തവണ വിവിധ ഇടങ്ങളിൽ മത്സരിക്കുന്നുണ്ട്. വോട്ട്‌ഫോർ യു.ഡി.എഫ്, വോട്ട് ഫോർ എൽ.ഡി.എഫ്, വോട്ടഭ്യർഥിച്ചുള്ള സ്ഥാനാർഥിയുടെ ചിത്രം എന്നിവ ലഗേജിൽ പതിച്ചാണ് ഗൾഫിൽ നിന്ന് പ്രവാസികളെത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾ നാട്ടിലെത്തി പ്രചാരണത്തിന് ഒപ്പം നിൽക്കുന്നത് വലിയ ആശ്വാസമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റും മലപ്പുറം ജില്ലാപഞ്ചയാത്ത് വെളിമുക്ക് ഡിവിഷൻ സ്ഥാനാർഥിയുമായ ഹനീഫ മൂന്നിയൂർ പറഞ്ഞു. സഊദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ബഷീർ മൂന്നിയൂർ, പി.വി.പി സൈനുൽ ആബിദ് തുടങ്ങിയ സുഹൃത്തുക്കളടക്കം നിരവധി പേരാണ് കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയത്. അവരെയൊക്കെ കാണുമ്പോൾ തന്നെ തങ്ങളെപ്പോലുള്ള പഴയ പ്രവാസികളായ സ്ഥാനാർഥികൾക്ക് വലിയ ഊർജമാണെന്നും അദ്ദേഹം പറഞ്ഞു.
Despite the steep rise in air ticket prices, expatriates are flying home in large numbers, driven by the excitement of the election season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."