രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. രണ്ടാമത്തെ കേസില്‍ പുതിയ അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാത്സംഗക്കേസിലെ അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
നവംബര്‍ 27 ന് യുവതി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയതാണ് രാഹുല്‍. കര്‍ണാടകത്തില്‍ രാഹുലിന് സംരക്ഷണമൊരുക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള വനിതാ അഭിഭാഷകയാണെന്നാണ് വിവരം. ഇവര്‍ക്ക് പൊലിസില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പൊലിസിന്റെ കണ്ണുവെട്ടിക്കാന്‍ പല വഴികളാണ് രാഹുല്‍ തേടിയത്. ഓരോ പോയിന്റിലും സഹായമെത്തിക്കാന്‍ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തിയ ഉടന്‍ രാഹുല്‍ പാലക്കാട് നിന്ന് മുങ്ങിയത് വിദഗ്ധമായാണ്. സി.സി.ടി.വി കാമറകള്‍ ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചി വരെ എത്തി അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയിലേക്കും എത്തി. ബാഗെല്ലൂരിലെ റിസോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ ഒളിവില്‍ കഴിഞ്ഞ രാഹുല്‍ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ അവിടെ നിന്ന് മുങ്ങി.
പിന്നീട് ബാഗെല്ലൂരിലെ തന്നെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റി. എന്നാല്‍ പൊലിസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബെംഗളൂരുവിലേക്ക് കടന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി. രാഹുല്‍ കാറുകളും മൊബൈല്‍ നമ്പറുകളും മാറ്റിയത് നിരവധി തവണയാണ്. ഓരോ ഒളിയിടത്തിലും കഴിഞ്ഞത് മണിക്കൂറുകള്‍ മാത്രമാണ്.
തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലിസ് നീക്കം. ജാമ്യാപേക്ഷയില്‍ തീരുമാനം വന്നതോടെ രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണസംഘം എം.എല്‍.എ ഓഫിസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്റിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് വിട്ടത്. എന്നാല്‍ അവരില്‍ നിന്നും കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. ഹൈക്കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞെങ്കിലും രണ്ടാം പീഡനപരാതിയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അറസ്റ്റ് തടയാതിരുന്നതോടെ രാഹുല്‍ ക്യാംപ് നിരാശയിലാണ്.
ആദ്യത്തെ ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 15 വരെ തടഞ്ഞിരുന്നു. മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് കെ. ബാബുവാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി വിശദമായ വാദംകേള്‍ക്കലിനായി ഡിസംബര്‍ 15ലേക്ക് മാറ്റുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിട്ടുമുണ്ട്.
വിവാഹിതയായ പരാതിക്കാരിക്ക് തന്റെ വിവാഹാവസ്ഥയെക്കുറിച്ച് പൂര്‍ണമായി അറിയാമായിരുന്നുവെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിക്കാരന്റെ വാദം. അന്വേഷണത്തില്‍ രാഷ്ട്രീയസ്വാധീനം ചെലുത്തിയതായും ആരോപിച്ചു. പരാതി ബന്ധപ്പെട്ട അധികാരിയുടെ മുമ്പാകെ സമര്‍പ്പിക്കുന്നതിന് പകരം വൈകി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതാണെന്നും എഫ്.ഐ.ആറും എഫ്.ഐ.എസും തനിക്ക് ലഭിച്ചിട്ടില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ പറഞ്ഞു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് രാഹുല്‍ ഹരജിയില്‍ അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. രാഹുല്‍ എം.എല്‍.എയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഗൗരവതരമാണ്. പൂര്‍ണമായും കേള്‍ക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്. കോടതിക്ക് മുന്‍വിധിയില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. അറസ്റ്റ് തടഞ്ഞതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രോസിക്യൂഷന്‍ വാദം വിശദമായി കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേമം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
A new Crime Branch investigation team has been appointed to track down Rahul Mangoottil, who has been absconding since a sexual assault case was filed on November 27. The earlier team was replaced after suspicions arose that information was being leaked to Rahul. The new team has also begun recording the statement of the complainant in the second rape case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."