ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം; സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്
താമരശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൂടത്തായി, കരിമ്പാലാക്കുന്ന്, വയലോരം പുറായിൽ, കരിങ്ങാം പൊയിൽ, പൂവോട്ടിൽ, മണിമുണ്ട, അമ്പലക്കുന്ന് തുടങ്ങിയ മേഖലകളിലെ ദുരിതർക്കാണ് കിറ്റ് നൽകിയത്.
യൂണിറ്റ് പ്രസിഡന്റ് പി.സി. അഷ്റഫ്, വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദലി, സംസീർ വമ്പൻ, അബ്ദുള്ള ഫാഷൻ, മുനീർ, ഈസ, റഹൂഫ്, നജുമുദ്ദീൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
അതേസമയം പ്രതിഷേധങ്ങൾക്കിടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് ഇന്ന് മുതൽ പ്രവർത്തനത്തിന് അനുമതി നൽകി. സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന പ്ലാന്റിന്, കർശന ഉപാധികളോടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റി അനുമതി നൽകിയത്. എന്നാൽ പ്ലാന്റിന് അനുമതി നൽകിയതിൽ പ്രദേശവാസികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്.
നിയന്ത്രണങ്ങൾ കർശനം
മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം. പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല.
പഴകിയ അറവ് മാലിന്യം പ്ലാന്റിൽ കൊണ്ടുവരരുത്.
പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം.
ഈ നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലിസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. ഡി.വൈ.എഫ്.ഐ. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പൊലിസ് കടന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."