വൈവിധ്യമാര്‍ന്ന പരിപാടികള്‍: ഗള്‍ഫ് സുപ്രഭാതം - സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളന പരിപാടികള്‍ നാളെ ദുബൈയില്‍
ദുബൈ: സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനവും, ഗള്‍ഫ് സുപ്രഭാതം മീഡിയ സെമിനാറും, ഇ പേപ്പര്‍ ലോഞ്ചിങ്ങും, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നാളെ ദുബൈ അല്‍ നാസര്‍ ലിഷാര്‍ലാന്‍ഡില്‍. യു.എ.ഇയിലുടനീളമുള്ള സമസ്ത പ്രവര്‍ത്തകര്‍ പ്രോഗ്രാമുകള്‍ വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടത്തിലാണ്.
വൈവിധ്യങ്ങളായ പ്രചാരണ പരിപാടികളാണ് സമ്മേളന വിജയത്തിന് വേണ്ടി വിവിധയിടങ്ങളില്‍ നടന്നുവരുന്നത്. മദ്‌റസാ തലങ്ങളില്‍ ഗ്രാന്റ് അസംബ്ലികള്‍, പ്രചാരണ റാലികള്‍, സെന്റിനറി കാള്‍, വിളംബര ദിനം, ഹലോ സമസ്ത, മെസേജ് ഡേ തുടങ്ങിയ വിവിധ പരിപാടികളിലായി വ്യത്യസ്ത എമിറേറ്റുകളില്‍ സമസ്തയുടെ സമ്മേളന പ്രചാരണ രംഗത്ത് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാണ്. ആളുകളെ ബന്ധപ്പെട്ടു സമ്മേളന സന്ദേശം കൈമാറുന്നതിനും നൂറ് തികയുന്ന സമസ്തയുടെ ചരിത്രവും വര്‍ത്തമാനവും നവോത്ഥാന മുന്നേറ്റങ്ങളും നേരിട്ട് ബോധ്യപ്പെടുത്തുന്നതിനുമാണ് പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താമസയിടങ്ങളിലും ബിസിനസ് സ്ഥാപനങ്ങളിലും മറ്റും നേരിട്ടുചെന്ന് അവര്‍ സന്ദേശം കൈമാറുന്നു. സമ്മേളന പ്രചാരണ സംഗമങ്ങളും പോസ്റ്റര്‍ പ്രചാരണങ്ങളും എല്ലാ എമിറേറ്റുകളിലും പുരോഗമിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യത്തിലാണ്.
ഗള്‍ഫ് സുപ്രഭാതം ഇ പേപ്പര്‍ സമാരംഭം
വാര്‍ത്തയുടെ ലോകത്ത് നേരിന്റെ വഴികളിലേക്ക് വെളിച്ചം വിതറിയ ഗള്‍ഫ് സുപ്രഭാതം ദിനപത്രം ഇ പേപ്പര്‍ ലോഞ്ചിങ്ങിലൂടെ ഡിജിറ്റല്‍ മീഡിയ രംഗത്ത് കൂടി പുതിയ ചുവടുവയ്ക്കുകയാണ്. വളര്‍ന്നുവരുന്ന നവീന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഗള്‍ഫ് സുപ്രഭാതം എന്ന പേരിനെ അന്വര്‍ത്ഥമാക്കാന്‍ യു.എ.ഇക്കൊപ്പം സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ക്കൂടി ഇ പേപ്പറിലൂടെ ഇനി സാന്നിധ്യം അറിയിക്കുകയാണ്. ഗള്‍ഫ് സുപ്രഭാതം ഇ പേപ്പറിലൂടെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നേരായ വാര്‍ത്തകള്‍ നേരത്തെ വായനക്കാരുടെ വിരല്‍ത്തുമ്പിലേക്ക് എത്തും.
ഇനി വിദേശ മലയാളികളുടെ വായനാ സംസ്‌കാരത്തിന് കരുത്തേകാനും ഗള്‍ഫ് മേഖലകളില്‍ ദൈനംദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്‌തൊഴില്‍സേവന മേഖലകളിലെ അവസരങ്ങളും വഴികളും അറിയിക്കാനും സാമൂഹികസാംസ്‌കാരിക ചുറ്റുപാടുകളെ സത്യസന്ധമായി ആവിഷ്‌കരിക്കാനും ഗള്‍ഫ് സുപ്രഭാതം സമ്പൂര്‍ണ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലടക്കം വൈവിധ്യങ്ങള്‍ നിറഞ്ഞ വ്യത്യസ്ത പദ്ധതികള്‍ ജി.സി.സി രാജ്യങ്ങളെ കേന്ദ്രീകരിച്ചു തയാറാക്കും.
ഗള്‍ഫ് നാടുകളിലെയും നാട്ടിലെയും വാര്‍ത്തകളറിയാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് സുപ്രഭാതം ദിനപത്രവും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും എന്നും ഏറെ വിലപ്പെട്ടതാണ്. പ്രവാസികളെ കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ആശ്രയമാണ് സുപ്രഭാതം.
നാളെ ഉച്ചക്ക് രണ്ടു മുതല്‍ ദുബൈ ഊദ്‌മേത്ത അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അടക്കമുള്ള മതസര്‍ക്കാര്‍സാമൂഹികസാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് സുപ്രഭാതം ഇ പേപ്പര്‍ സമാരംഭം നിര്‍വഹിക്കപ്പെടും.
പരിപാടിക്കെത്തുന്നത് പ്രഗത്ഭരുടെ നിര
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുല്ല ഫൈസി കൊടക്, പി.എം അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബാംബ്രാണ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ഒ.പി.എം അഷ്‌റഫ്, ശുഹൈബുല്‍ ഹൈതമി, മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയ മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഈ മഹാ സംഗമത്തിന് ആത്മീയവൈജ്ഞാനിക മിഴിവേകും.
ലോകത്ത് തുല്യതയില്ലാത്ത മാതൃക തീര്‍ത്തു മുന്നേറുന്ന കേരള മുസ്ലിം മോഡല്‍ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ക്രിയാത്മക ഇടപെടലുകള്‍ നടത്തിയ യു.എ.ഇയിലെ പ്രവാസി മലയാളി മുസ്‌ലിംകളും പൊതുസമൂഹവും സമസ്തയുടെ മഹാപണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഈ മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്.
ആദര്‍ശ വിശുദ്ധിയുള്ള സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച സ്ഥാപിത കാലം മുതലുള്ള സമസ്തയുടെ സമ്മേളനങ്ങളുടെ തുടര്‍ച്ചയായി പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ചരിത്ര സംഗമം ഇവിടെ പ്രവാസ വഴികളിലും കരുത്തും ഊര്‍ജവുമായി മാറുമെന്നത് തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."