യുഎഇയിൽ വൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പ്: ദമ്പതികളെ കബളിപ്പിച്ച് 8 ലക്ഷം ദിർഹം തട്ടിയെടുത്തു; മൂന്ന് പ്രതികൾക്ക് തടവും നാടുകടത്തലും
അബുദാബി: വ്യാജ പ്രോപ്പർട്ടി ഫിനാൻസിംഗ് കമ്പനി ഉപയോഗിച്ച് ദമ്പതികളിൽ നിന്ന് 800,000 ദിർഹം (ഏകദേശം 2,17,800 ഡോളർ) തട്ടിയ കേസിൽ മൂന്ന് അറബ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് അബൂദബി കോടതി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് ക്രിമിനൽ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. ഇതിനു പുറമേ ദമ്പതികളിൽ നിന്ന് തട്ടിയെടുത്ത തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.
ഓൺലൈൻ പരസ്യം കെണിയായി
എമറാത്ത് അൽ യൂം റിപ്പോർട്ട് അനുസരിച്ച്, റിയൽ എസ്റ്റേറ്റ് ഫിനാൻസ് സ്ഥാപനത്തിന്റെ പ്രമോഷൻ സംബന്ധിച്ച ഒരു ഫേസ്ബുക്ക് പരസ്യമാണ് തട്ടിപ്പിന് ആധാരമായത്. ഈ ഓൺലൈൻ പരസ്യത്തിൽ ആകൃഷ്ടരായ ദമ്പതികളിൽ ഭാര്യ, കമ്പനിയുടെ സെയിൽസ് മാനേജർ ആണെന്ന് പരിചയപ്പെടുത്തിയ ഒരാളുമായി ബന്ധപ്പെട്ടു. നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷം, പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർ എന്ന് വിശ്വസിപ്പിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വില്ല വാങ്ങാൻ തട്ടിപ്പുകാർ ദമ്പതികളെ പ്രേരിപ്പിച്ചു.
ദമ്പതികളുടെ വിശ്വാസം നേടുന്നതിനായി തട്ടിപ്പുകാർ വ്യാജ വാണിജ്യ ലൈസൻസുകൾ, വ്യാജ വിൽപ്പന കരാറുകൾ, ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ കരാർ എന്നിവ ഇവരെ കാണിച്ചിരുന്നു. രേഖകൾ യഥാർത്ഥമാണെന്ന് വിശ്വസിച്ച ഭർത്താവ് വില്ലയുടെ ഡൗൺ പേയ്‌മെന്റായി 800,000 ദിർഹം പ്രതികൾക്ക് കൈമാറി. പണം ലഭിച്ചതോടെ ഏജന്റുമാർ അപ്രത്യക്ഷരാവുകയായിരുന്നു. ഇതോടെയാണ് ദമ്പതികൾ പൊലിസിൽ പരാതി നൽകിയത്.
ക്രിമിനൽ, സിവിൽ കേസുകളിൽ ശിക്ഷ
പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തതിനെത്തുടർന്ന് ക്രിമിനൽ കോടതി മൂന്ന് പ്രതികൾക്കും ആറ് മാസം തടവ് ശിക്ഷ വിധിക്കുകയും മോഷ്ടിച്ച തുക തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ, പ്രതികൾ ഉപയോഗിച്ച വ്യാജരേഖകൾ കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം അവരെ നാടുകടത്താനും കോടതി നിർദ്ദേശിച്ചു.
ഇതിനോടൊപ്പം, തങ്ങളുടെ നഷ്ടം തിരിച്ചുപിടിക്കാനും നഷ്ടപരിഹാരം നേടാനുമായി ദമ്പതികൾ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. സാമ്പത്തിക നഷ്ടത്തിനപ്പുറം ദമ്പതികൾക്ക് നേരിടേണ്ടി വന്ന വൈകാരികമായ പ്രയാസവും സാമ്പത്തിക ബുദ്ധിമുട്ടും സിവിൽ കോടതി പരിഗണിച്ചു.
പ്രതികൾ നഷ്ടപരിഹാരം ബാധ്യസ്ഥരാണെന്ന് സിവിൽ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന്, പ്രതികൾ സംയുക്തമായി ദമ്പതികൾക്ക് 900,000 ദിർഹം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതിൽ 800,000 ദിർഹം തട്ടിയെടുത്ത തുകയും 100,000 ദിർഹം നഷ്ടപരിഹാരവും ഉൾപ്പെടുന്നു.
abu dhabi criminal court sentences three fraudsters to six months in prison, orders dh800,000 repayment plus dh100,000 compensation for emotional distress, and deportation after terms for swindling a couple with forged documents in bogus villa financing plot advertised on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."