സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ
റിയാദ്: സഊദി അറേബ്യയിൽ മുനിസിപ്പൽ നിയമലംഘനങ്ങളും അഴിമതിയും സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് ആകർഷകമായ പാരിതോഷികം പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. നിയമലംഘനങ്ങളിൽ നിന്ന് ഈടാക്കുന്ന ആകെ പിഴത്തുകയുടെ 25 ശതമാനം വരെയാണ് വിവരം നൽകുന്നയാൾക്ക് പ്രതിഫലമായി ലഭിക്കുക.
മുനിസിപ്പൽ പെനാൽറ്റി ചട്ടങ്ങൾ പ്രകാരം സ്ഥിരീകരിക്കുന്ന നിയമലംഘനങ്ങൾക്കാണ് ഈ റിവാർഡ് സ്കീം ബാധകമാകുക. കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റകൃത്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട്, വിവരം നൽകുന്നയാൾ നടത്തിയ ശ്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അധികൃതർ പാരിതോഷികം നിശ്ചയിക്കുക.
സുതാര്യത ഉറപ്പാക്കാനും തെറ്റായതോ വ്യാജമായതോ ആയ റിപ്പോർട്ടുകൾ തടയാനും കർശനമായ രീതികൾ അവലംബിക്കും. പ്രവാസികളും പൗരന്മാരുമായ വ്യക്തികൾ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ ഓരോ റിപ്പോർട്ടും അധികൃതർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. സഊദി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളെയും ശാക്തീകരിക്കുക, മുനിസിപ്പാലിറ്റികളുടെ മേലുള്ള മേൽനോട്ടം കൂടുതൽ കാര്യക്ഷമാക്കുക, നഗരങ്ങളിലെ പരിസ്ഥിതി സംരക്ഷണം കൂടുതൽ കുറ്റമറ്റതാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അധികൃതർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
"സർട്ടിഫൈഡ് മോണിറ്റർ" എന്ന പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് സഊദി സർക്കാർ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ദൃശ്യ മലിനീകരണം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പദ്ധതി പൊതുജനങ്ങൾക്ക് അവസരം നൽകും. 'ബലാദി' പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കുന്നവർക്ക് പരിശീലനം പൂർത്തിയാക്കി, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഔദ്യോഗിക അംഗീകാരം (അക്രഡിറ്റേഷൻ) നേടാനാകും.
സമൂഹത്തിന്റെ ഇടപെടൽ വർദ്ധിപ്പിക്കുക, പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിൽ പങ്കാളിത്ത സ്വഭാവം വളർത്തിയെടുക്കുക, കൂടുതൽ ആകർഷകമായ നഗരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രിസഭ അംഗീകരിച്ച പദ്ധതി, മുനിസിപ്പൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
saudi authorities have announced a major incentive program offering citizens and residents up to 25 percent of the collected fine amount for reporting municipal violations. the move aims to strengthen public participation in maintaining civic order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."