സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി
ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക മഹാ സമ്മേളനത്തിലെ പഠന ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി. 33,313 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. ഇതിൽ 10,313 ദാഇമാരാണ്. സമസ്ത നൂറാം വാർഷിക പദ്ധതിയുടെ ഭാഗമായി 10,313 പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കുകയാണ് പഠന ക്യാമ്പിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്. സ്വാഗത സംഘം ക്യാമ്പ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേകം കോഡിനേറ്റർമാരെ നിശ്ചയിച്ചാണ് ഓൺലൈൻ വഴി നിശ്ചിത സമയത്തിനകം ഇത്രയും പ്രതിനിധികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിനിധികളുമടങ്ങുന്ന ഏറ്റവും വലിയ പഠന ക്യാമ്പിനാണ് കുണിയ സാക്ഷ്യം വഹിക്കാൻ പോകുന്നത്. നിശ്ചിത സമയത്തിനകം ഇത്രയുമധികം പ്രതിനിധികൾ രജിസ്തർ ചെയ്ത് ക്യാമ്പംഗമായത് ചരിത്രത്തിൽ ആദ്യമാണ്. ഇത് 100-ാം വാർഷികത്തെ കൂടുതൽ മികവുറ്റതാക്കും. മഹല്ല്, മദ്റസ കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഖാസി, ഖത്തീബ്, സദർ മുഅല്ലിം, സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് ഓരോ യൂണിറ്റിൽ നിന്നും രജിസ്തർ ചെയ്തിട്ടുള്ളത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ക്യാമ്പിൽ അംഗങ്ങളായുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."