യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം
ദുബൈ: യുഎഇയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ഉമർ അബ്ദുൾറഹ്മാൻ എന്ന 'അമൂറി' കളി മതിയാക്കി. 17 വർഷം നീണ്ടുനിന്ന കരിയറിന് തിരശ്ശീല ഇട്ടുകൊണ്ട് തന്റെ 34-ാം വയസ്സിലാണ് ഉമർ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. അൽ ഐൻ എഫ്‌സിയുടെ ഇതിഹാസ താരം കഴിഞ്ഞ വർഷം വരെ ദുബൈ ക്ലബ്ബായ അൽ വാസലിന് വേണ്ടിയാണ് കളിച്ചിരുന്നത്.
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം ഉമർ ഫുട്ബോൾ ലോകത്തെ അറിയിച്ചത്. വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ ഒരു മനോഹരമായ യാത്ര പൂർത്തിയാക്കിയതായി അദ്ദേഹം കുറിച്ചു.
"വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ വർഷങ്ങളോളം നീണ്ടുനിന്ന മനോഹരമായ ഒരു യാത്രയ്ക്ക് ശേഷം, സ്നേഹത്തോടും നന്ദിയോടും കൂടി, ഇന്ന് ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു. കഠിനാധ്വാനത്തിലൂടെയും വിശ്വസ്തരായ ആളുകളുടെ പിന്തുണയിലൂടെയും കെട്ടിപ്പടുത്ത ഒരു കരിയറായിരുന്നു എന്റെത്," ഉമർ അബ്ദുൾറഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അൽ ഐൻ എഫ്‌സിക്ക് നന്ദി
2008-09 സീസണിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച അൽ ഐൻ ക്ലബ്ബിന്റെ പ്രസിഡൻ്റ് ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന് ഉമർ നന്ദി രേഖപ്പെടുത്തി. ക്ലബ്ബിൽ ചെലവഴിച്ച വർഷങ്ങൾ ചാമ്പ്യൻഷിപ്പുകളും നേട്ടങ്ങളും നിറഞ്ഞതായിരുന്നുവെന്നും, തൻ്റെ കായിക രംഗത്തെ വളർച്ചയിൽ അൽ ഐൻ ക്ലബ്ബിൻ്റെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ടീമിലെ മിന്നും താരം
മികച്ച പ്ലേ മേക്കിങ് കഴിവുകൾ കൊണ്ട് ശ്രദ്ധേയനായ ഉമർ, യുഎഇ ദേശീയ ടീമിനായി 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015-ലെ ഏഷ്യൻ കപ്പിൽ യുഎഇ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ ഉമറിൻ്റെ പങ്ക് നിർണായകമായിരുന്നു. അൽ ഐൻ ക്ലബ്ബിൽ ചേരുന്നതിന് മുമ്പ് കളിച്ച അൽ ഹിലാൽ ക്ലബ്ബിനോടും ക്ലബ്ബിന്റെ പ്രേമികളോടും താരം നന്ദി പറഞ്ഞു.
"ഞാൻ പ്രതിനിധീകരിച്ച അൽ ജാസിറ, ഷബാബ് അൽ അഹ്‌ലി, അൽ വാസൽ എന്നീ ക്ലബ്ബുകൾക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു - ഓരോ ക്ലബ്ബും എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനവും എൻ്റെ കരിയറിൽ ഒരു അടയാളവും വഹിക്കുന്നു," അദ്ദേഹം കുറിച്ചു.
തൻ്റെ സ്ഥിരോത്സാഹത്തിനും പ്രകടനത്തിനും പിന്നിലെ രഹസ്യം തന്നെ പിന്തുണച്ചവരുടെ സ്നേഹവും പ്രോത്സാഹനവുമാണെന്ന് ഉമർ അബ്ദുൾറഹ്മാൻ വ്യക്തമാക്കി. ഈ മനോഹരമായ അധ്യായം അവസാനിപ്പിച്ച് പുതിയൊരു യാത്ര തുടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
uae football star omar abdulrahman, known as amoory, announces retirement after a remarkable 17-year career filled with skill, creativity, and memorable moments in gulf football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."