ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം നിര്‍ത്തിയിട്ട കാറിലുണ്ടായ സ്‌ഫോടന കേസ് എന്‍.ഐ.എ അന്വേഷിക്കും. കേസ് ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകള്‍ തുറക്കില്ല.
അതേസമയം സ്ഫോടനത്തില്‍ ഉപയോഗിച്ച കാറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത കാറിന്റെ ഉടമയായ സല്‍മാന്‍ എന്നയാളെ ചോദ്യംചെയ്തതില്‍നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.
HR 26 CE 7674 എന്ന കാര്‍ സല്‍മാന്‍ ആണ് വാങ്ങിയത്. അത് പിന്നീട് ഓഖ്‌ലയിലെ ദേവേന്ദ്ര എന്ന വ്യക്തിക്ക് വിറ്റിരുന്നു. ദേവേന്ദ്രയില്‍ നിന്ന് അമീര്‍ എന്നയാള്‍ വാഹനം വാങ്ങി പുല്‍വാമ സ്വദേശി താരിഖിന് കൈമാറിയെന്നും താരിഖ് വാഹനം ഉമര്‍ മുഹമ്മദിന് കൈമാറിയെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കാറോടിച്ചിരുന്നത് ഉമര്‍ മുഹമ്മദ് ആണെന്നും സൂചനയുണ്ട്. ഫരീദാബാദ് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തില്‍ തകരുമ്പോള്‍ കാറിന്റെ ആര്‍സി ഉടമ ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട കാര്‍ ആദ്യം പ്രദേശവാസിയായ സല്‍മാന്റെ പേരിലായിരുന്നുവെന്ന് ഹരിയാനയിലെ ഗുരുഗ്രാം പൊലിസിന്റെ വക്താവ് സന്ദീപ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സല്‍മാനും ദേവേന്ദ്രയും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണെന്ന് ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ സ്ഫോടന കാരണം എന്തെന്ന് മനസിലാകു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമ്പിളുകളും തെളിവുകളും ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘങ്ങളും ഡല്‍ഹി പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡല്‍ഹി അന്വേഷണം പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് ഡിസിപി രാജ ബന്തിയ അറിയിച്ചു. കാര്‍ ഡല്‍ഹിയിലേക്ക് കടന്നത് ബദര്‍പൂര്‍ ബോര്‍ഡര്‍ വഴിയെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പൊലിസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, ഈ ഘട്ടത്തില്‍ എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തിയാല്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), സ്‌ഫോടകവസ്തു നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. കാര്‍ കടന്നുവന്ന വഴികളിലേതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.
സ്‌ഫോടനത്തില്‍ നിരവധി പേര്‍ പരുക്കുകളോടെ ലോക്‌നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു ഡസനോളം പേരുടെ നില സാരമാണ്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നിലാണ് സംഭവമുണ്ടായത്. വൈകുന്നേരസമയങ്ങളില്‍ വന്‍ ജനക്കൂടം തടിച്ചുകൂടിനില്‍ക്കുന്ന പ്രദേശമാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പതിവായി വരുന്ന ഇവിടേക്ക് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലവും മാത്രമെയുള്ളൂ. ഡല്‍ഹിയിലെ വായുമലിനീകരണവും തണുപ്പ് തുടങ്ങിയതിനാലും സംഭവസമയം ഇവിടെ പതിവ് പോലെ തിരക്കില്ലാതിരുന്നത് ആളപായം കുറയാന്‍ കാരണമായി.
സാവകാശം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവരും മരിച്ചതായും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. പ്രദേശത്തെ കടകളെല്ലാം അടപ്പിച്ചു. റോഡുകളും അടച്ചു.
2008ല്‍ രണ്ടു ഡസനിലേറെ പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ആള്‍നാശമുണ്ടായ സ്‌ഫോടനമാണിത്.
English Summary: A major blast in Delhi has been handed over to the National Investigation Agency (NIA) for investigation. The Ministry of Home Affairs, following a high-level meeting headed by Amit Shah, decided to transfer the case to the NIA to ensure a thorough probe into possible terror links.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."