In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്
പതിമൂന്ന് കോടിയോളം വരുന്ന ബിഹാറിലെ മൊത്തം ജനസംഖ്യയുടെ 17.7% മുസ്ലിംകൾ ആണ്. ബിഹാറിലെ 243 സംസ്ഥാന നിയോജക മണ്ഡലങ്ങളിൽ ഏതാണ്ട് 60 മണ്ഡലങ്ങളിൽ മുസ്ലിം സമുദായത്തിന് വ്യക്തമായ സ്വാധീനമുണ്ട്. ജാതി പ്രധാന പങ്കു വഹിക്കുന്ന ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നതിൽ സംസ്ഥാനത്തെ പ്രബല ജാതി സമുദായങ്ങളെ പോലെ തന്നെ മുസ്ലിം സമുദായത്തിനും വലിയൊരു പങ്കുണ്ട്. പ്രാദേശികാടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് വലിയ സ്വാധീനമുള്ള സീമാഞ്ചൽ പോലെയുള്ള പ്രദേശങ്ങൾ ചേർന്ന് കൂടിയാണ് ബിഹാറിന്റെ രാഷ്ട്രീയ മണ്ഡലങ്ങളെ രൂപീകരിച്ചിട്ടുള്ളത്.
1990കളിൽ ബിഹാറിൽ രൂപപ്പെട്ട 'എം. വൈ' അഥവാ 'മുസ്ലിം-യാഥവ' കൂട്ട് കെട്ട് രാഷ്ട്രീയത്തിനകത്തെ ഹിന്ദുത്വയുടെ താത്പ്പര്യങ്ങളെ മറികടന്ന് കൊണ്ട് അധസ്ഥിത ജനവിഭാഗത്തിന്റെ ഒരു ഐക്യം രൂപപ്പെടുത്തുകയും, ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒരു പ്രബല ശക്തിയായി മാറുകയും ചെയിതു. ഹിന്ദുത്വയും അതിന്റെ രാഷ്ട്രീയ രൂപമായ ബി. ജെ. പിയും മുസ്ലിം സമുദായത്തിന്റെ എല്ലാ തരത്തിലുമുള്ള നിലനിൽപ്പിന് തന്നെ വെല്ലുവിളിയാണെന്ന് തിരിച്ചറിവ് ഉണ്ടായിരുന്ന ബിഹാറിലെ മുസ്ലിംകൾ ഇന്ത്യയിലെ മറ്റു മുസ്ലിംകളെ പോലെ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മതേതര ചേരികളോടൊപ്പം തന്നെ അണിചേർന്നു. 2005 തൊട്ടുള്ള നിതീഷ് കുമാറിന്റെ മുന്നണി മാറി മാറിയുള്ള ഭരണത്തിൽ മുസ്ലിം സമുദായം വലിയ രീതിയിൽ അസ്വസ്ഥരായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.
പ്രത്യയശാസ്ത്രപരമോ, ആദർശപരമോ അല്ലാതെ കേവലം അധികാരം നിലനിർത്താൻ വേണ്ടി എൻ. ഡി. എയോടൊപ്പം സഖ്യം ചേരുന്ന നിതീഷ് കുമാറിൽ നൈതികവും ധാർമികവുമായ അപചയം ഉണ്ട് എന്നുള്ള വസ്തുത നിലനിൽക്കെ തന്നെ എൻ. ഡി. എയിലെ സഖ്യം തന്റെ ഭരണം നഷ്ടപ്പെടുത്തുമെന്ന് തോന്നുന്ന നിമിഷം നിതീഷ് കുമാർ വീണ്ടും കളം മാറ്റി ചവിട്ടുമെന്ന സാധ്യതയായിരുന്നു എൻ. ഡി. എ ഭരണത്തിലും പ്രതീക്ഷയിക്കുള്ള വക. എന്നാൽ 2025 ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നിതീഷ് കുമാറിന്റെ നിരന്തര മുന്നണി മാറ്റത്തിന്റെ ആത്യന്തിക ഗുണഭോക്താവായി തീർന്നത് ബി. ജെ. പിയാണെന്ന് നമുക്ക് മനസ്സിലാകും. ചരിത്രത്തിൽ ആദ്യമായി 89 സീറ്റുകൾ നേടി കൊണ്ട് ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി. ജെ. പി മാറിയിരിക്കുകയാണ്.
202 സീറ്റാണ് എൻ. ഡി. എ മുഴുവനായി നേടിയത്. 202 സീറ്റുകളുടെ എണ്ണവും, തെരഞ്ഞെടുപ്പ് സമയം പ്രതിപക്ഷം തെളിവുകൾ സഹിതം പുറത്ത് വിട്ട വിവരങ്ങളും ഇ. വി. എം തട്ടിപ്പ് നടന്നിട്ടുണ്ടാവാനുള്ള സാധ്യതയെ സാധൂകരിക്കുന്ന ഒന്നാണ്.
മുസ്ലിം വോട്ട് ഭിന്നിച്ചതിന്റെ ഗുണം
എസ്. ഐ. ആറിന് ശേഷം ബിഹാറിലെ ഒട്ടാകെ വോട്ട് 7.42 കോടിയോളം വരും. ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട വിവരം പ്രകാരം ഏതാണ്ട് 66.91% പോളിങ്ങ് ഉണ്ടായിട്ടുണ്ടത്രേ. ബിഹാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോൾ ചെയ്യപ്പെട്ട ശതമാനക്കണക്കാണിത്. ഈ കണക്ക് പ്രകാരം അപ്പോൾ 4 കോടിയോളം പേർ വോട്ട് ചെയിതു എന്നാണ്. എന്നാൽ ഈ ശതമാന കണക്ക് പുറത്ത് വിട്ട അതേ ഇലക്ഷൻ കമ്മീഷൻ പറയുന്നു 7.45 കോടിയോളം ആളുകൾ വോട്ട് ചെയ്തിട്ടുണ്ടെന്ന്. ഇത് പ്രകാരം നോക്കുമ്പോൾ രണ്ടര ലക്ഷത്തോളം വോട്ട് കണക്കിന് പുറത്താണ്. ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ട ഈ കണക്കിലെ വൈരുദ്ധ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ച 'വോട്ട് ചോരി' ബിഹാർ തെരഞ്ഞെടുപ്പിലും സംഭവിച്ചിട്ടുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം തന്നെ സീമാഞ്ചൽ മേഖലയിലടക്കം മുസ്ലിം വോട്ട് ഭിന്നിച്ചതിന്റെ ഗുണം എൻ. ഡി. എയിലേക്കാണ് പോയതെന്നത് കണക്കുകൾ വ്യക്തമാക്കുന്നു.
എസ്. ഐ.ആറിൽ കൂടുതൽ നഷ്ടം മുസ്ലിംകൾക്ക്
മുസ്ലിം സാമുദായിക രാഷ്ട്രീയവും അതിനോടുള്ള മുഖ്യധാര മതേതര പാർട്ടികളുടെ സമീപനവും ബിഹാറിൽ എൻ. ഡി. എ അനുകൂല സാഹചര്യമുണ്ടാക്കിയത് എങ്ങനെയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കൂടെ എസ്. ഐ. ആർ (സ്പെഷ്യൽ ഇന്റനസീവ് റിവിഷൻ) നടപ്പാക്കിയതിലൂടെ ഭരണകൂടം ലക്ഷ്യം വെച്ചത് മുസ്ലിം സമുദായത്തെയായിരുന്നുവെന്നത് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കപ്പെട്ട എസ്. ഐ . ആറിന്റെ ആദ്യ ഘട്ടത്തിൽ ഏതാണ്ട് 65 ലക്ഷത്തോളം മനുഷ്യർക്ക് വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 24.7% മുസ്ലിം സമുദായത്തിൽ പ്പെട്ടവരാണ്. രണ്ടാം ഘട്ടത്തിൽ എസ്. ഐ. ആർ പൂർത്തിയായപ്പോൾ ഈ 65 ലക്ഷം 48 ലക്ഷത്തിലേക്ക് മാറി. എസ്. ഐ. ആറിലൂടെ പൂർണ്ണമായി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ 33% മുസ്ലിം സമുദായമാണ്. 'ദ വയർ' ന്റെ കണക്ക് പ്രകാരം 1,03,724 മുസ്ലിം വോട്ടുകൾ എസ്. ഐ. ആറിലൂടെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. 'ദ ഫിനാൻഷ്യൽ എക്സ്പ്രസ്സ്' 6 ലക്ഷം മുസ്ലിം വോട്ടുകൾ ഒഴിവാക്കപ്പെട്ടു എന്നും പറയുന്നു. ഇതിൽ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചൽ മേഘലയിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്ന് ഏതാണ്ട് 1.45 ലക്ഷം വോട്ടുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 'ദ ക്വിന്റ' ന്റെ റിപ്പോർട്ട് പ്രകാരം സീമാഞ്ചൽ മേഖലയിലെ നാല് ജില്ലകളായ കിഷ്ഗഞ്ച്, പുർനിയ, കൈതാർ, അരാരിയ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഏതാണ്ട് 5.84 ലക്ഷം വോട്ടുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ നാല് ജില്ലകളിലെ 24 നിയോജക മണ്ഡലങ്ങളിൽ 2020ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ എൻ. ഡി. എയും, 7 സീറ്റിൽ ഇൻഡ്യ സഖ്യവും, 5 സീറ്റിൽ ഉവൈസിയുടെ മജ്ലിസും All India Majlis -e- Ithihadul Muslimeen) ആയിരുന്നു വിജയിച്ചത്. എന്നാൽ 2025ൽ എത്തുമ്പോൾ എൻ. ഡി. എ 15 സീറ്റുകളും, എ. ഐ. എം. ഐ. എം 5 സീറ്റും, ഇൻഡ്യ 4 സീറ്റുമാണ് നേടിയിട്ടുള്ളത്. 2020 സംസ്ഥാന തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ നിന്ന് ആകെ പോൾ ചെയ്യപ്പെട്ടത് ഏതാണ്ട് 64% വോട്ടുകളാണ്. എസ്. ഐ. ആർ നടപ്പിലാക്കപ്പെട്ടതിന്റെ ഭാഗമായി ഏതാണ്ട് 5 ലക്ഷത്തോളം വോട്ടുകൾ നഷ്ടമായ സീമാഞ്ചൽ മേഖലയിൽ എന്നാൽ ഇത്തവണ 73% വോട്ടുകൾ രേഖപ്പെടുത്തുകയും ചെയിതു. ഒഴിവാക്കപ്പെട്ടതിൽ മുസ്ലിം വോട്ടുകൾ കൂടുതലായതിനാലും, പ്രതിപക്ഷത്ത് വോട്ടുകൾ വിഭജിക്കപ്പെട്ടത് കൊണ്ടും സീമാഞ്ചൽ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ എൻ. ഡി. എക്ക് സാധിച്ചിട്ടുണ്ട്.
സീറ്റ് എണ്ണം നിലനിർത്തി ഉവൈസി
എ. ഐ. എം. ഐ. എമ്മിന്റെ ശക്തി കേന്ദ്രം തന്നെയാണ് സീമാഞ്ചൽ മേഖല. 2020 തെരഞ്ഞെടുപ്പിലും സഖ്യം ചേരാത്തെ തന്നെ പാർട്ടി അഞ്ചോളം സീറ്റുകളിൽ വിജയിച്ചിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാഹചര്യം ഏറെ സങ്കീർണ്ണമായത് കൊണ്ടും പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൾ വിഭജിക്കാതിരിക്കാനും എ. ഐ. എം. ഐ. എം ഇൻഡ്യ മുന്നണിയോടൊപ്പം സഖ്യം ചേരുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. അതിന് വിശദീകരണമായി പാർട്ടിയുടെ മുതിർന്ന നേതാവ് വാരിസ് പത്താൻ പറഞ്ഞത് കേവലം 6 സീറ്റുകൾ മാത്രം ഇൻഡ്യ മുന്നണിയോട് ആവശ്യപ്പെട്ട എ. ഐ. എം. ഐ. എമ്മിനെ കോൺഗ്രസ്സോ, ആർ. ജെ. ഡിയോ വേണ്ട വിധത്തിൽ പരിഗണിച്ചില്ല എന്നാണ്. മാത്രമല്ല, എ. ഐ. എം. ഐ. എമ്മിനെ ഭീകരവാദികളുടെ പാർട്ടി എന്ന നിലയിൽ ചിത്രീകരിക്കാൻ ഇൻഡ്യ മുന്നണി ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും പത്താൻ പറഞ്ഞു വെക്കുന്നുണ്ട്.
മഹാ സഖ്യത്തിന് ഒപ്പം ഉവൈസി ഉണ്ടായിരുന്നു എങ്കിൽ
ഇത്തവണയും സ്വന്തം നിലയ്ക്ക് ചെറിയ പാർട്ടികളെ കൂട്ട് പിടിച്ചുണ്ടാക്കിയ 'Grand Democratic Alliance' ലൂടെ മത്സരിച്ച എ. ഐ. എം. ഐ. എം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അഞ്ചു സീറ്റുകൾ നേടി. അതേ സമയം ഇൻഡ്യ മുന്നണിയുടെ 3 സീറ്റുകൾ നഷ്ടമാവുകയും, എൻ. ഡി. എ കഴിഞ്ഞ തവണത്തേക്കാളും 3 സീറ്റുകൾ അതികം നേടി 15 സീറ്റുമായി സീമാഞ്ചൽ മേഖലയിൽ ആധിപത്യം അറിയിക്കുകയും ചെയിതു. മേഖലയിൽ വളരെ ചെറിയ മാർജിനിൽ എൻ. ഡി. എ ജയിച്ച കസ്ബ, തകുർഗുഞ്ച്, ബൽറാമ്പൂർ, പ്രാൻപൂർ നിയോജക മണ്ഡലങ്ങളിൽ എ. ഐ. എം. ഐ. എം ഇൻഡ്യ സഖ്യത്തോടൊപ്പം നിന്നിരുന്നുവെങ്കിൽ വലിയ മാർജിനിൽ ഇൻഡ്യ മുന്നണിക്ക് ജയിക്കാമായിരുന്നു. ഈ നാല് മണ്ഡലങ്ങളിൽ കസ്ബ, തകുർഗഞ്ച്, ബൽറാമ്പൂർ എന്നീ മണ്ഡലങ്ങൾ ഇൻഡ്യ മുന്നണി 2020ൽ ജയിച്ച മണ്ഡലങ്ങളായിരുന്നു.
വോട്ട് വിഭജിക്കപ്പെട്ടത് കൊണ്ട് മാത്രം ഏറ്റ ഈയൊരു തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് എ. ഐ. എം. ഐ. എമ്മിന് അർഹിക്കുന്ന പരിഗണന നൽകാൻ ഇൻഡ്യ മുന്നണി ഇനിയെങ്കിലും തയ്യാറാകുമെന്ന് നമുക്ക് കരുതാം.
അതേ സമയം രാഷ്ട്രീയ പിടിവാശികൾക്ക് അടിമപ്പെട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദീർഘ ദൃഷ്ടിയില്ലാതെയുള്ള തീരുമാനങ്ങൾ എ. ഐ. എം. ഐ. എമ്മിന്റെ ഭാഗത്ത് നിന്ന് ഇനി ഇല്ലാതിരിക്കാൻ അവരും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കിടയിലുള്ള ഭിന്നിപ്പുകൾ അടിസ്ഥാനപരമായി ഗുണം ചെയ്യുന്നത് ബി. ജെ. പിക്കാണ് എന്നത് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നമുക്ക് കാണിച്ചു തരുന്നു.
ഹിന്ദി - ബെൽട്ടിൽ ഇത് വരെ സഖ്യം ചേർന്ന് മാത്രം ഭരിച്ച ബിഹാർ കൂടി ബി. ജെ. പിയുടെ അധീനതയിലായ സ്ഥിതിക്ക് അവിടെയുള്ള മുസ്ലിം ജന ജീവിതത്തിന്റെ തുടർന്നുള്ള അവസ്ഥ എന്താകുമെന്നത് ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. എസ്. ഐ. ആർ, വോട്ട് മുസ്ലിംകളുടെ വിഭജനം എന്നിവ ബിഹാറിലെ രാഷ്ട്രീയ നിർണ്ണായധികാരത്തെ പ്രതികൂലമായി ബാധിച്ചു എന്നതാണ് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നത്.
English Summary: Muslims constitute 17.7% of Bihar’s population and hold significant influence in around 60 out of 243 constituencies, especially in the Seemanchal region. Historically, the Muslim–Yadav (M-Y) alliance played a major role in countering Hindutva politics and supported secular fronts. Despite Nitish Kumar’s frequent alliance shifts, Muslims largely remained with secular coalitions until now.
However, the 2025 election results show that Nitish Kumar’s political flip-flops ultimately benefitted the BJP, which emerged as the largest party with 89 seats, while the NDA collectively won 202 seats. Opposition parties have raised concerns over contradictory Election Commission figures and alleged EVM manipulation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."