ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ പ്രതികരണവുമായി രംഗത്ത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പ്രതികളുടെ കുടുംബം ആവശ്യപ്പെട്ടു. തങ്ങളുടെ സഹോദരന്‍ ഒരിക്കലും ഇത്തരത്തിലുള്ള തെറ്റുകളിലേക്ക് വഴുതിപ്പോകില്ലെന്ന് കേസില്‍ അറസ്റ്റിലായ ഫരീദാബാദില്‍ ജോലി ചെയ്യുന്ന പണ്ഡിതന്‍ മൗലവി ഹാഫിസ് മുഹമ്മദിന്റെ സഹോദരങ്ങളായ ഹാഫിസ് സദ്ദാം, ഹാഫിസ് മുബീന്‍ എന്നിവര്‍ പറഞ്ഞു. ഹാഫിസ് മുഹമ്മദിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അയഥാര്‍ഥവും അസത്യവുമാണെന്നും കുടുംബം വ്യക്തമാക്കി.
ഹരിയാനയില്‍ ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശമായ നൂഹ് സ്വദേശിയാണ് മൗലവി ഹാഫിസ് മുഹമ്മദ്. കഴിഞ്ഞ 20 വര്‍ഷമായി ഫരീദാബാദിലെ അല്‍ഫലാഹ് യൂനിവേഴ്സിറ്റി കാംപസിലെ പള്ളിയില്‍ ഇമാമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. നാല് സഹോദരന്മാരടങ്ങുന്ന കുടുംബം ഗ്രാമത്തില്‍ കൃഷികളിലും വിവിധ പള്ളികളിലെ ഇമാമത്ത് ഉള്‍പ്പെടെയുള്ള സേവനങ്ങളും ചെയ്തുവരികയാണ്. ഹാഫിസ് മുഹമ്മദിന്റെ അറസ്റ്റ് തങ്ങളെ ഞെട്ടിച്ചു. അദ്ദേഹം ആരോപണവിധേയമായ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നത് അസാധ്യമാണ്. ന്യായമായതും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ അഭ്യര്‍ഥന- സഹോദരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മാസം മുമ്പ് വയോധികയായ ഉമ്മയെ കാണാനാണ് ഹാഫിസ് മുഹമ്മദ് നാട്ടിലെത്തിയത്. അദ്ദേഹത്തിന് അല്‍ ഫലാഹ് യൂനിവേഴ്സിറ്റി താമസസൗകര്യം നല്‍കിയിരുന്നു. അവന്റെ വാടകക്കാരനായിരുന്ന ഡോ. മുസമ്മില്‍ അറസ്റ്റിലായെന്ന വാര്‍ത്തയാണ് ആദ്യം എത്തിയത്. അതിനു പിന്നാലെ സഹോദരനും പിടിക്കപ്പെട്ടുവെന്ന് മാത്രം അറിയാം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് പോലും അറിയില്ല- ഹാഫിസ് സദ്ദാമും ഹാഫിസ് മുബീനും പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മുംബ്രയില്‍ താമസിക്കുന്ന റിട്ട. പ്രാഫസര്‍ ഇബ്രാഹിം അഭിദിയുടെ കുടുംബവും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. ഭര്‍ത്താവിന് ഭീകരപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിദിയുടെ ഭാര്യ മെഹ്ജബീന്‍ പറഞ്ഞു. കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപികയാണ്, വിശുദ്ധ ഖുര്‍ആന്‍ മുഴുവനായി മനപ്പാഠമാക്കിയ മെഹ്ജബീന്‍.
ഈ മാസം 11ന് മഹാരാഷ്ട്ര എ.ടി.എസ് ഇബ്രാഹിം അഭിദിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. കുര്‍ളയിലെ അദ്ദേഹത്തിന്റെ ഭാര്യയുടെ വീടും റെയ്ഡ് ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ റെയ്ഡ് നടന്നെങ്കിലും നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ല. തങ്ങള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അവര്‍ അറിയിച്ചു.
35 വര്‍ഷം ബൈകള്ളയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രൊഫസറായിരുന്നു ഇബ്രാഹിം. അഞ്ചുവര്‍ഷമായി തങ്ങള്‍ മുംബ്രായില്‍ താമസിക്കുന്നു. ചോദ്യംചെയ്യലിനായി ഇബ്രാഹിമിനെ കുര്‍ളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും ഹാര്‍ഡ് ഡ്രൈവുകളെല്ലാം പൊലിസ് കൊണ്ടുപോയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ യാതൊരു വിവരം ലഭിച്ചിട്ടില്ല. സ്ഫോടനങ്ങളുമായി ബന്ധപ്പെടുത്തി പേരുചേര്‍ത്തതോടെ കുടുംബമാകെ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മൂത്ത സഹോദരന്‍ മുഹമ്മദ് ഷുഹൈബ് പറഞ്ഞു. ഷഹീന് അത്തരമൊരു പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരിയും പ്രതികരിച്ചു.
families of the accused in the delhi explosion case deny all allegations and call for a fair and impartial investigation. get the latest updates and key details on the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."