ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കടകംപള്ളിയെ ചോദ്യം ചെയ്യുക എന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിലപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത് എന്നാണ് പരിശോധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്നലെ രാവിലെയാണ് ചോദ്യംചെയ്യലിനായി എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായത്. എസ്.പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം.
പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുമ്പോള്‍ ചുമതല പത്മകുമാറിന് ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു അന്വേഷണസംഘത്തിന് ദേവസ്വം ജീവനക്കാര്‍ മൊഴിനല്‍കിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു പ്രസിഡന്റ്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് അറസ്റ്റ് വൈകിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരേ മൊഴിനല്‍കിയിരുന്നു. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്ന് ഇവരുടെ മൊഴികളിലുള്ളതായാണ് സൂചന. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസുകളടക്കം എസ്.ഐ.ടി അന്വേഷിച്ചുവരികയാണ്.
ആറന്മുളയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് പത്മകുമാര്‍ തിരുവനന്തപുരത്ത് എത്തിയത്. ബുധനാഴ്ച വൈകീട്ടോടെ തലസ്ഥാനത്ത് എത്താനാണ് എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി നേരത്തെ രണ്ടുതവണ എസ്.ഐ.ടി നോട്ടിസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് നല്‍കിയത്. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതിചേര്‍ത്തിരുന്നു. കെ.ടി ശങ്കര്‍ദാസ്, പാലവിള എന്‍. വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ് ബൈജു, മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, ദേവസ്വം മുന്‍ കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
അതിനിടെ, എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു. കൊല്ലം പൊലിസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.
മുഖ്യ ആസൂത്രകന്‍ പത്മകുമാറെന്ന് അന്വേഷണസംഘം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറായിരുന്നു. പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയതിന്റെയും പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെയും തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു.
അതേസമയം, ഉദ്യോഗസ്ഥരെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെയും കുറ്റപ്പെടുത്തുന്നതാണ് പത്മകുമാറിന്റെ മൊഴി പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാര്‍ പറയുന്നു. ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് കൈമാറിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയാണ് ബോര്‍ഡിന് കൈമാറിയതെന്നും പത്മകുമാര്‍ മൊഴിയില്‍ പറയുന്നു.
അതിനിടെ, എ.പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി ഉടനുണ്ടാകുമെന്നാണ് സൂചന.പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയേക്കും.തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും തീരുമാനം.
in the sabarimala gold smuggling case, investigators are likely to question former devaswom board minister kadakampally surendran as part of the ongoing probe. the move follows new leads connected to the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."